BREAKINGKERALA

വെടിവയ്പ്പു കേസില്‍ വനിത ഡോക്ടര്‍ അറസ്റ്റില്‍, ഉപയോഗിച്ചത് ഓണ്‍ലൈനില്‍ വാങ്ങിയ എയര്‍ പിസ്റ്റള്‍

തിരുവനന്തപുരം: കുറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോള്‍ ജോസ് (37) പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണര്‍ ഓഫിസില്‍ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു.
പൊലീസ് പറഞ്ഞത്: ഷിനിയുടെ ഭര്‍ത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയിടെ ദീപ്തിയും സുജീത്തും തമ്മില്‍ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ കുറ്റസമ്മതം. യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവര്‍ ആക്രമണത്തിനു പദ്ധതിയിട്ടത്. ഓണ്‍ലൈന്‍ വില്‍പന സൈറ്റില്‍ കണ്ട കാറിന്റെ നമ്പര്‍ ഉപയോഗിച്ചു വ്യാജ നമ്പര്‍ തരപ്പെടുത്തി. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാന്‍ പരിശീലിച്ചു. തൊട്ടടുത്തു നിന്നു വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയര്‍ നല്‍കാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു.
ഞായറാഴ്ച രാവിലെ ഒറ്റയ്ക്കു കാര്‍ ഓടിച്ച് ചാക്ക, പാല്‍ക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്‌നില്‍ എത്തി കൃത്യം നടത്തി അതേ കാറില്‍ ചാക്ക ബൈപാസ് വഴി കടന്നുകളഞ്ഞു. സംഭവം കഴിഞ്ഞ്, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണു നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന മാധ്യമവാര്‍ത്ത മനസ്സിലാക്കിയ ദീപ്തി പിടിയിലാകില്ലെന്നു കരുതി വീട്ടിലേക്കു പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാര്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
പള്‍മനോളജിയില്‍ എംഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യല്‍റ്റിയില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്. 5 മാസത്തിലേറെ മുന്‍പാണ് ആശുപത്രിയില്‍ ചേര്‍ന്നതെന്നും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം.

Related Articles

Back to top button