BREAKINGTECHNOLOGY

വോയ്സ്നോട്ട് ഇനി വായിച്ചുനോക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്

സന്ദേശങ്ങള്‍ ടൈപ്പ് ചെയ്ത് അയക്കുന്നതിനേക്കാള്‍ എളുപ്പമാണ് വാട്സാപ്പില്‍ വോയ്സ് നോട്സ് അയക്കുന്നത്. ഉദ്ദേശിക്കുന്ന കാര്യം വ്യക്തമായി ആശയക്കുഴപ്പത്തിന് ഇടയില്ലാതെഅപ്പുറത്തുള്ള ആള്‍ക്ക് വോയ്സനോട്ടിലൂടെ കൈമാറാനാകും. എന്നാല്‍ വോയ്സ്നോട്ടിലൂടെ സന്ദേശം ലഭിക്കുന്ന ആള്‍ക്ക് അത് കേള്‍ക്കണമെങ്കില്‍ ഒന്നുകില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കണം. ചുറ്റും ആളുകള്‍ ഉള്ളപ്പോള്‍ മെസേജ് കിട്ടിയാലുടന്‍ അത് കേട്ട് നോക്കാനായെന്ന് വരില്ല. സ്വകാര്യതയുടെ പ്രശ്നം മൂലം വോയ്സ്നോട്ടിനെ അങ്ങനെ എപ്പോഴും ആശ്രയിക്കാനുമാകില്ല.
ഇപ്പോഴിതാ ആ പ്രതിസന്ധിക്ക് വാട്സാപ്പ് ഒരു പരിഹാരം കണ്ടിരിക്കുകയാണ്. അയക്കുന്ന വോയ്സ്നോട്ട് അപ്പുറത്തുള്ള ആള്‍ക്ക് വേണമെങ്കില്‍ ടെക്സ്റ്റുകളായി വായിക്കാനാകും. ശബ്ദസന്ദേശത്തെ അക്ഷരത്തിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രൈബ് സംവിധാനമാണ് വാട്സാപ്പ് കൊണ്ടുവന്നത്. പുതിയ അപഡേഷന്‍ എല്ലാ വാട്സാപ്പ് ഉപയോക്താക്കള്‍ക്കും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കും. സമയമെടുത്ത് മെസേജ് ടൈപ്പ് ചെയ്ത് അയക്കുന്നതിന് പകരം വോയ്സ് നോട്ട് അയക്കുന്ന രീതി ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. പുതിയ അപ്ഡേഷറ്റ് ഇതിനെ കൂടുതല്‍ ഉപഭോക്തൃസൗഹൃദമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വോയ്സ് നോട്ടിനെ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സൗകര്യം വാട്സാപ്പ് നേരിട്ട് എനേബിള്‍ ചെയ്യില്ല. അത് ഉപഭോക്താവിന്റെ സൗകര്യത്തിന് വിട്ടിരിക്കുകയാണ്. വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. അത് മാനുവലായി ചെയ്യേണ്ടിവരും. ഇതിനായി വാട്സാപ്പ് സെറ്റിങ്സിലെ ചാറ്റ് ഒപ്ഷനിലേക്ക് പോവുക. ഇതില്‍ വോയ്സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എനേബിള്‍ ചെയ്യുക. ഇതിന് ശേഷം നമുക്ക് ലഭിക്കുന്ന വോയ്സ്നോട്ടുകള്‍ വാട്സാപ്പ് ടെക്സ്റ്റ് ആയി കാണിക്കും.ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. നിങ്ങള്‍ക്ക് വാട്സാപ്പില്‍ ഒരു വോയ്സ്നോട്ട് ലഭിക്കുന്നു. ഇത് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള ഒപ്ഷ്ന്‍ വാട്സാപ്പ് കാണിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ട്രാന്‍സ്‌ക്രിപ്റ്റ് സന്ദേശം ഡൗണ്‍ലോഡ് ആകും.
ഇത് ഏകദേശം 90 എംബിക്ക് അടുത്തേ വരികയുള്ളു. ഡൗണ്‍ലോഡ് ആയിക്കഴിഞ്ഞാല്‍ വോയ്സ് നോട്ടിന് താഴെയായി സന്ദേശം ടെക്സ്റ്റ് രൂപത്തില്‍ കാണാന്‍ സാധിക്കും. ബീറ്റാ വേര്‍ഷനില്‍ ഈ സംവിധാനം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഫോണില്‍ മാത്രമേ ഈ സൗകര്യം നിലവില്‍ ലഭിക്കു. വാട്സാപ്പ് വെബില്‍ ഈ സൗകര്യം ലഭിക്കില്ല. നിലവില്‍ ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ മാത്രമേ ട്രാന്‍സ്‌ക്രൈബ് ലഭിക്കൂ. ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകളിലാണ് നിലവില്‍ ട്രാന്‍സ്‌ക്രൈബ് ലഭിക്കുക. മറ്റ് ഭാഷകളില്‍ എന്ന് ലഭിക്കുമെന്നും വ്യക്തമല്ല.
വോയ്സ് നോട്ട് ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാനും സാധിക്കില്ല. സ്വകാര്യതയുടെ വിഷയം ഉള്ളതുകൊണ്ടാണ് ഇത്തരമൊരു നിയന്ത്രണമുള്ളത്. ഉപയോക്താക്കള്‍ അയക്കുന്ന വോയ്സ്നോട്ടുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്പ്റ്റ് സന്ദേശങ്ങളാണ്. അയക്കുന്ന ആളും സ്വീകരിക്കുന്ന ആളുമല്ലാതെ വാട്സാപ്പിന് പോലും ഇടയില്‍ കടന്ന് കേള്‍ക്കാനാകില്ല എന്നാണ് കമ്പനി പറയുന്നത്.

Related Articles

Back to top button