ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കുനേരേ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ സാമൂഹികമാധ്യമകമ്പനികള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ കൈമാറണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ ഐ.ടി. നിയമത്തിലെ 79-ാംവകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടാകില്ലെന്നും വിവരങ്ങള്‍ കൈമാറാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. മെറ്റയും, എക്‌സുംപോലുള്ള സാമൂഹികമാധ്യമങ്ങള്‍ അന്വേഷണത്തോട് സഹകരിക്കണം.
*രാജ്യസുരക്ഷ, സാമ്പത്തികസുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങള്‍ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതായി കണക്കാക്കും
*വ്യാജസന്ദേശങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം
*നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളുമായി പങ്കിടുന്നതില്‍ എക്‌സ് വീഴ്ച വരുത്തരുത്
*തെറ്റായ വിവരങ്ങളിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യണം. അത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കണം. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
*പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധ്യത
ക്രമസമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന തെറ്റായ വിവരങ്ങള്‍ നീക്കംചെയ്യുന്നതിനായി 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് (ഐ.ടി.ആക്ട്), 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് (ഐ.ടി. റൂള്‍സ്) എന്നിവ പ്രകാരം ജാഗ്രത പാലിക്കാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രാലയം.
ഡല്‍ഹിയില്‍ യുവാവ് കസ്റ്റഡിയില്‍
വ്യാജബോംബ് ഭീഷണി മുഴക്കിയതിന് ഡല്‍ഹിയില്‍ 25-കാരനെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തംനഗര്‍ ഏരിയയിലെ രാജപുരിയില്‍നിന്നുള്ള ശുഭം ഉപാധ്യായാണ് അറസ്റ്റിലായത്. പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ തൊഴില്‍രഹിതനാണെന്നും പോലീസ് വ്യക്തമാക്കി. വിമാനക്കമ്പനികള്‍ക്ക് വ്യാജ ഭീഷണികള്‍ ലഭിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനാണ് ഭീഷണി മുഴക്കിയതെന്നാണ് മൊഴി.
12 ദിവസം, 275 ഭീഷണികള്‍
രാജ്യത്തെ വിവിധ വിമാനക്കമ്പനികള്‍ക്ക് 12 ദിവസംകൊണ്ട് 275-ലധികം വ്യാജ ഭീഷണികളാണ് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗം ഭീഷണികളും സാമൂഹികമാധ്യമങ്ങള്‍ വഴി. കൂടുതലും ‘എക്‌സ്’ അക്കൗണ്ടുകളില്‍നിന്ന്. പത്തിലധികം അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇ-മെയില്‍ വഴിയും ശുചിമുറിയില്‍ കത്തായും ഭീഷണികള്‍
നഷ്ടം 1000 കോടിക്കടുത്ത്
ഇതുവരെ ഒന്‍പത് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കുള്ള നഷ്ടം 1000കോടി രൂപയ്ക്കടുത്ത്. സര്‍വീസ് തടസ്സപ്പെട്ടാല്‍ ഓരോ വിമാനസര്‍വീസിനും വിവിധ കാരണങ്ങളാല്‍ മൂന്നരക്കോടിയുടെ നഷ്ടം.
‘എക്സ് പ്രേരിപ്പിക്കുന്നു’
വ്യാജ ബോംബ് ഭീഷണികള്‍ തടയുന്നതിന് ‘എക്‌സ്’ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം. അക്കൗണ്ടുകളുടെ യൂസര്‍ ഐ.ഡി, ഡൊമെയ്ന്‍ വിവരങ്ങള്‍ പങ്കിടുന്നതില്‍ ‘എക്‌സ്’ വീഴ്ച വരുത്തിയതിന് സാമൂഹികമാധ്യമ പ്രതിനിധികളെ കേന്ദ്രം ചോദ്യംചെയ്തു.
വ്യോമയാനചട്ടങ്ങളില്‍ ഭേദഗതി
വ്യാജബോംബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യമാക്കാന്‍ വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.
ഐ.ടി. 79 ചട്ടം
സാമൂഹികമാധ്യമങ്ങളില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം പ്ലാറ്റ്ഫോമുകള്‍ക്കുണ്ടാകില്ല. പോസ്റ്റ് ചെയ്യുന്ന വ്യക്തിക്കായിരിക്കും.
സാമ്പത്തിക കുറ്റകൃത്യമാക്കാത്തത് വീഴ്ച
ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളുടെ തലയില്‍ പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്രനീക്കമെന്ന് ആരോപണമുയര്‍ന്നു. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഇത് കൊണ്ടുവരാനാകാത്തതും വീഴ്ചയാണ്. സന്ദേശത്തിന്റെ കൃത്യമായ ഉറവിടങ്ങളും കണ്ടെത്താനായില്ല. ഇതുവരെ രണ്ടുപേരാണ് അറസ്റ്റിലായത്. സുരക്ഷാ വിഷയങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയിലായതിനാല്‍ ഭീഷണിയുടെ ഉറവിടം കണ്ടെത്തലും അന്വേഷണങ്ങളും നടപടികളും വ്യോമയാന മന്ത്രാലയത്തിന്റെ അധികാര പരിധിയിലല്ല.