BREAKINGNATIONAL
Trending

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; പ്രൈമറി സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്, കര്‍ശന നിയന്ത്രണങ്ങള്‍ക്ക് സാധ്യത

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങളിലേക്ക്. പ്രൈമറി സ്‌കൂളുകള്‍ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു.വര്‍ദ്ധിച്ചുവരുന്ന മലിനീകരണ തോത് കാരണം, ഡല്‍ഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓഫ്ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -3 ആണ് നടപ്പിലാക്കുക. ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും. അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button