ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അര്‍ജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടല്‍തീരത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വര്‍ മല്‍പെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീര്‍ണാവസ്ഥയിലായതിനാല്‍ ആരുടേതെന്ന് പറയാന്‍ കഴിയില്ല. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈശ്വര്‍ മല്‍പെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. അതിനിടെ, ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ, അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാഭരണകൂടത്തിന്റെ കൈവശം വെച്ചിരുന്നു. ഇതും ചേര്‍ത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്.
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കര്‍ണാടകയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചിരുന്നു. നിലവില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. അര്‍ജുന്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെയാണ് കര്‍ണാടകയ്ക്ക് കത്തയച്ചത്.
അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഇറങ്ങി ഒരാള്‍ക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാന്‍ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവില്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.
64 1 minute read