ന്യൂഡല്‍ഹി: ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. യാത്ര തടസ്സപ്പെടുത്തിയതോടെ പോലീസ് വാഹനത്തിലെങ്കിലും ഞങ്ങള്‍ക്ക് പോവണമെന്ന നിലപാടിലായിരുന്നു രാഹുല്‍. പക്ഷെ, പോലീസ് അനുവദിച്ചില്ല.
ഇവര്‍ സംഭാലിലെത്തുമെന്നറിയിച്ചതോടെ തടയാനായി വന്‍ പോലീസ് സന്നാഹം നേരത്തെ തയ്യാറായിരുന്നു. രാവിലെ 11 മണിയോടെയായിരുന്നു രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം അതിര്‍ത്തിക്കടുത്ത് എത്തിയത്. എം.പിമാരുടെ വാഹനം ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കെ.സി വേണുഗോപാല്‍ എം.പിയും ഒപ്പമുണ്ടായിരുന്നു.
യാത്ര തടയാനായി പോലീസ് ഹൈവേ തടസ്സപ്പെടുത്തിയതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. റോഡിന് കുറുകെ ബാരിക്കേഡുകളും ട്രക്കുകളും വെച്ചാണ് റോഡ് തടസ്സപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര തടയണമെന്ന് സംഭല്‍ ജില്ലാ അധികൃതര്‍ തൊട്ടടുത്ത ജില്ലാ അധികാരികളോടും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ബുലന്ദേശ്വര്‍, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ തുടങ്ങിയ സ്ഥലത്തെ അധികൃതര്‍ക്ക് സംഭല്‍ ജില്ലാ കലക്ടര്‍ കത്തും നല്‍കിയിരുന്നു.
സര്‍ക്കാരും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രദേശം സാധാരണ നിലയിലേക്കെത്താന്‍ അവര്‍ താത്പര്യപ്പെടുന്നില്ലെന്നും സമാജ് വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവ് പ്രതികരിച്ചു. എം.പിമാരുടെ സംഘങ്ങള്‍ സംഭലില്‍ എത്തിയാല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടെന്നും അതാണ് യാത്ര തടസ്സപ്പെടുത്തിയതെന്നും ഡിംപിള്‍ ചൂണ്ടിക്കാട്ടി.
സംഭല്‍ സന്ദര്‍ശനത്തിനെത്തിയ മുസ്ലീംലീഗ് പ്രതിനിധികളേയും കഴിഞ്ഞദിവസം തടഞ്ഞിരുന്നു.
73 1 minute read