മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്നും ആരോഗ്യ വകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങൾ കൂടി വരുന്നതോടെ സമ്പർക്ക പട്ടിക ഉയരും. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.
മലപ്പുറം ജില്ലയിൽ ജാഗ്രത ശക്തമാക്കി
നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ നിപ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കടകൾക്ക് രാവിലെ 10 മുതൽ 7 വരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും നേരത്തെ തന്നെ കണ്ടെയ്മെൻറ് സോണാക്കിയിരുന്നു.