മെല്‍ബണ്‍: സിപിഎമ്മിന്റെ നയം നടപ്പാക്കാന്‍ കേരളത്തിലെ ഭരണത്തിന് സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനാ പരമായ ഭരണകൂടത്തിന്റെ നയം വെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആ നയം വെച്ചാണ് കേരളത്തിലെ പൊലീസിനെയും ഭരണകൂട സംവിധാനത്തിനെയും എല്‍ഡിഎഫ് സര്‍ക്കാറിനെയും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അവിടുത്തെ യൂട്യൂബേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ പരിപാടികള്‍ നടപ്പാക്കാനുള്ള ഭരണകൂട വ്യവസ്ഥിതിയുടെ ഭാഗമായിട്ടുള്ള ഭരണമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിദേശ പര്യടനത്തിന് പുറപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പാര്‍ട്ടി സെക്രട്ടറി കുടുംബ സമേതം യാത്രയായത്. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിത്ഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഓസ്‌ട്രേലിയക്ക് പോയത്. ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംകാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദന്‍ പങ്കെടുക്കുന്നത്. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെന്‍, പെര്‍ത്ത് എന്നിവിടങ്ങിളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് തൊട്ട് പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. യെച്ചൂരിക്ക് പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്. ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ആര്‍ക്ക് നല്‍കുമെന്നത് അടക്കം നിര്‍ണ്ണായ ചര്‍ച്ചകള്‍ക്കിടെയാണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കേരളത്തില്‍ നിന്നുള്ള പിബി അംഗം കൂടിയായ എംവി ഗോവിന്ദന്റെ വിദേശ സന്ദര്‍ശനം. യച്ചൂരിയുടെ മരണത്തില്‍ ദുഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായത് കൊണ്ട് അതില്‍ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നും ആണ് സിപിഎം വിശദീകരണം.
76 1 minute read