BREAKINGKERALA
Trending

സി.എം.ആര്‍.എല്‍. വാദം തള്ളി കമ്പനി രജിസ്ട്രാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യുടെ പണവുമുള്ളതിനാല്‍ സി.എം.ആര്‍.എല്‍. നടത്തിയ അനധികൃതപണമിടപാട് പൊതുഖജനാവില്‍നിന്നുള്ള കൊള്ളയാണെന്ന് കമ്പനി രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സി.എം.ആര്‍.എലിന്റെ അനധികൃതപണമിടപാടിന്റെപേരില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (സി.എഫ്.ഐ.ഒ.) തങ്ങള്‍ക്കെതിരേയും അന്വേഷണം നടത്തുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജി കെ.എസ്.ഐ.ഡി.സി. സമര്‍പ്പിച്ചിരുന്നു. ഇതിനെയെതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ചിലകാര്യങ്ങള്‍ മറയ്ക്കാന്‍ കെ.എസ്.ഐ.ഡി.സി. ശ്രമിച്ചത് സംശയത്തിനിടയാക്കിയിട്ടുണ്ട്.
2019-ല്‍ത്തന്നെ സി.എം.ആര്‍.എലില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നു. എന്നാല്‍ കെ.എസ്.ഐ.ഡി.സി. ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രമാണ്.
സി.എം.ആര്‍.എലിന്റെ അനധികൃത ഇടപാടുകള്‍ പുറത്തുവന്നതിനുശേഷമാണ് കെ.എസ്.ഐ.ഡി.സി.യുടെ ഭാഗത്തുനിന്ന് ചിലനടപടികളുണ്ടാകുന്നത്. അത് മുഖംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
ഖ്യാതിക്കുമങ്ങലേല്‍ക്കുമെന്നുപറഞ്ഞ് അന്വേഷണത്തില്‍നിന്നൊഴിഞ്ഞുമാറാതെ അന്വേഷണവുമായി സഹകരിക്കുകയാണുവേണ്ടത്. സി.എം.ആര്‍.എലിന്റെ അനധികൃത ഇടപാടുകളില്‍ കെ.എസ്.ഐ.ഡി.സി.ക്കും ഉത്തരവാദിത്വമുണ്ട്. സി.എം.ആര്‍.എലില്‍ അവര്‍ക്ക് 13.41 ശതമാനം പങ്കാളിത്തവും നോമിനി ഡയറക്ടറുമുണ്ട്.
ഷോണ്‍ ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി രജിസ്ട്രാര്‍ കെ.എസ്.ഐ.ഡി.സി.യുടെ വിശദീകരണം തേടിയെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് അന്വേഷണത്തിനുത്തരവിട്ടത്.പലവിധത്തിലുള്ള ഇടപാടുകളാണ് സി.എം.ആര്‍.എല്‍. നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാകുമെന്നതിനാലാണ് അന്വേഷണം സി.എഫ്.ഐ.ഒ.യെ ഏല്‍പ്പിച്ചത്.സി.എം.ആര്‍.എലിലെ നിയമവിരുദ്ധമായ ഇടപാടുകള്‍ നോമിനി ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.യുടെ ശ്രദ്ധയില്‍ക്കൊണ്ടുവരണമായിരുന്നെന്നും സത്യവാങ്മൂലത്തില്‍പ്പറയുന്നു.
കമ്പനി രജിസ്ട്രാര്‍ വി.എം. പ്രശാന്താണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ ആര്‍.വി. ശ്രീജിത് വഴി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

Related Articles

Back to top button