BREAKINGKERALA
Trending

ഹംപിന് മുകളിലൂടെയെന്നപോലെ കാറോടിച്ചുകയറ്റി; താനും വനിതാഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍കയറ്റി കൊലപ്പെടുത്തിയ കേസില്‍ കാറോടിച്ചിരുന്ന യുവാവിനൊപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെയും പ്രതിചേര്‍ത്തേക്കും. സംഭവസമയത്ത് താനും ഒപ്പമുണ്ടായിരുന്ന ഡോക്ടറും മദ്യപിച്ചിരുന്നതായി കാറോടിച്ച അജ്മല്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവറോട് പറഞ്ഞത് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറാണെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടിയും പോലീസ് കസ്റ്റഡിയിലാണ്.
തിരുവോണദിവസം വൈകീട്ട് 5.30-നാണ് ആനൂര്‍ക്കാവില്‍ നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിക്കുകയും പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ കയറ്റിയിറക്കി നിര്‍ത്താതെ പോകുകയുമായിരുന്നു. ഹംപിന് മുകളിലൂടെ കയറിയിറങ്ങുന്നപോലെയാണ് ഡ്രൈവര്‍ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയത്.
പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോള്‍ (47) ആണ് അതിദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസി(30)ക്കും പരിക്കേറ്റു.
കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദ്യം കാറിന് മുകളിലേക്കും പിന്നാലെ റോഡിലേക്കും വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ പിന്നീട് കാര്‍ കയറ്റിയിറക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ കാര്‍ മുന്നോട്ടെടുക്കരുത് എന്ന് ഉറക്കെ പറഞ്ഞിട്ടും കാര്‍ മുന്നോട്ടെടുക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞുമോളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനടുത്ത് സ്റ്റേഷനറി കട നടത്തുകയാണ് കുഞ്ഞുമോള്‍.
കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കരുനാഗപ്പള്ളി കോടതിമുക്കില്‍ കാര്‍ നിര്‍ത്തി ഇയാള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ അജ്മലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പോലീസ് പിടികൂടി. ഇയാള്‍ മയക്കുമരുന്ന് കേസിലുള്‍പ്പെടെ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കസ്റ്റഡിയിലുള്ള മായ ശ്രീക്കുട്ടി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ സ്ത്രീരോഗവിഭാഗം ഡോക്ടറാണ്.

Related Articles

Back to top button