കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയായിരുന്നു കഴിഞ്ഞ മാസം 24ന് ഹൈക്കോടതിയുടെ ഇടപെടല്‍. തന്റേതടക്കം സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോന്റെ ഹര്‍ജി. എന്നാല്‍ തിരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യവിവരങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതില്‍ വിശദമായ വാദം ഇന്ന് കോടതിയില്‍ നടക്കും.
”മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. ഇതില്‍ തുടര്‍ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടവര്‍ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരല്ല”. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതില്‍ ഒന്നുമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എ കെ ബാലന്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.
43 1 minute read