BREAKINGNATIONAL

ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല, ജീവന്‍ വരെ പണയപ്പെടുത്തി സെല്‍ഫി

സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള സാഹസികപ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. വാഹനങ്ങളില്‍ അപകടകരമായ സ്റ്റണ്ടുകള്‍ നടത്തി ചിത്രീകരിക്കുന്നത് മുതല്‍ ജീവന്‍ പണയപ്പെടുത്തി സെല്‍ഫി എടുക്കുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ഏതാനും ദിവസങ്ങള്‍ മുന്‍പ് അത്തരത്തില്‍ അപകടകരമായ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുണ്ടായി. യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും ഇല്ലാതെ അശ്രദ്ധമായി ഒരു യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തൊട്ടുമുന്‍പിലായി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഈ സെല്‍ഫി ശ്രമത്തിന്റെ വീഡിയോ ഡാര്‍ജിലിംഗില്‍ നിന്നാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഓണ്‍ലൈനില്‍ കാര്യമായ ശ്രദ്ധ നേടി, 5.5 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ഇത് കണ്ടുകഴിഞ്ഞു. സെല്‍ഫി എടുക്കാന്‍ ശ്രമം നടത്തിയ യുവാവ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റത്തില്‍ ആളുകള്‍ രോഷം പ്രകടിപ്പിക്കുകയും ഇയാള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ യുവാവ് മനപ്പൂര്‍വം നടത്തിയ ശ്രമമാണ് ഇതെന്നും അഭിപ്രായപ്പെട്ടവര്‍ നിരവധിയാണ്.
ഡാര്‍ജിലിംഗിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ടോയ് ട്രെയിന് മുന്‍പില്‍ നിന്നുകൊണ്ടാണ് യുവാവ് സെല്‍ഫി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ട്രെയിന്‍ നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും മാറാതെ സെല്‍ഫി എടുക്കുന്നത് തുടര്‍ന്ന ഇയാളെ സമീപത്ത് ഉണ്ടായിരുന്നു മറ്റൊരു വ്യക്തിയാണ് ട്രാക്കില്‍ നിന്നും പിടിച്ചു മാറ്റിയത്. ഈ സമയം യുവാവ് യാതൊരു ഭയവും കൂടാതെ ചിരിച്ചുകൊണ്ട് സെല്‍ഫി ചിത്രീകരിക്കുന്നത് തുടരുന്നതും വീഡിയോയില്‍ കാണാം. ‘സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിര്‍ണായകമായ രക്ഷപ്പെടല്‍’ എന്ന ക്യാപ്ഷനോടെയാണ് ഇയാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം, ഗാസിയാബാദില്‍ ഇന്‍സ്റ്റാഗ്രാം റീല്‍ റെക്കോര്‍ഡുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു പെണ്‍കുട്ടിക്ക് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് താഴോട്ട് വീണത് പിടിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് പെണ്‍കുട്ടി അപകടത്തില്‍ പെട്ടത്.

Related Articles

Back to top button