ഏറെ നാളത്തെ പ്രണയത്തിനുശേഷം വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും കാമുകി ലോറന്‍ സാന്‍ചെസും. കൊളറാഡോയിലെ ആസ്പനില്‍ ക്രിസ്തുമസ് കാലത്തായിരിക്കും വിവാഹം എന്നാണ് ജെഫും ലോറനുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, വിന്റര്‍ വണ്ടര്‍ലാന്‍ഡ് തീമിലാണ് ഇരുവരും വിവാഹം ചെയ്യുന്നത് എന്നാണ് വിവരം. വിന്റര്‍ വണ്ടര്‍ലാന്‍ഡ് തീമില്‍ വിവാഹം കഴിക്കുന്ന ആദ്യത്തെ കോടീശ്വരനല്ല ജെഫ്. അംബാനിക്കുടുംബമാണ് ഇതിനുമുമ്പ് വിന്റര്‍ വണ്ടര്‍ലാന്‍ഡ് തീമില്‍ വിവാഹാഘോഷങ്ങള്‍ നടത്തിയിട്ടുള്ളത്.
2023 മെയിലാണ് 60-കാരനായ ജെഫ് ബെസോസും 54-കാരിയായ ലോറന്‍ സാന്‍ചെസും വിവാഹനിശ്ചയം നടത്തിയത്. ഇരുവരും വിവാഹത്തിനായി ആസ്പെന്‍ തിരഞ്ഞെടുത്തിന് പിന്നില്‍ അംബാനിക്കല്ല്യാണത്തിന്റെ അലയൊലികള്‍ തന്നെയാണെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. 2019 ഫെബ്രുവരിയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചായിരുന്നു ആകാശ് അംബാനിയുടെയും ശ്ലോക മെഹ്തയുടെയും ആഡംബര വിവാഹം. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മോറിസിലെ ആല്‍പൈന്‍ റിസോര്‍ട്ടില്‍ മൂന്നുദിവസം വിന്റര്‍ വണ്ടര്‍ലാന്‍ഡ് തീമില്‍ നീണ്ടുനിന്ന വിവാഹാഘോഷമായിരുന്നു ഒരുക്കിയിരുന്നത്.
കാര്‍ണിവല്‍ പോലെ വര്‍ണശബളമായ ആഘോഷവേദിയിലേക്ക് കുതിരകളെ പൂട്ടിയ രഥത്തിലാണ് വധുവും വരനും എത്തിയത്. 300-ലധികം സെലിബ്രിറ്റികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഐശ്വര്യ റായ് ബച്ചനും രണ്‍ബീര്‍ കപൂറും കരണ്‍ ജോഹറുമെല്ലാം ആഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. ആഘോഷത്തിന്റെ രണ്ടാം ദിനം സാധാരണക്കാര്‍ക്കായി കാര്‍ണിവല്‍ വേദി തുറന്നുകൊടുത്തതും വാര്‍ത്തയായിരുന്നു. എന്തായാലും ജെഫിന്റെയും ലോറന്റെയും വിവാഹവും ഹോളിവുഡ് താരങ്ങളാല്‍ സമ്പന്നമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
83 1 minute read