BREAKINGENTERTAINMENTNATIONAL

അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരി അറസ്റ്റില്‍

ചെന്നൈ: അപകീര്‍ത്തി പരാമര്‍ശത്തിന് പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്ന് തമിഴ്നാട് പോലീസാണ് കസ്തൂരിയെ അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. തെലുങ്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് കസ്തൂരിക്കെതിരേയുള്ള കേസിന് കാരണമായത്.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബി.ജെ.പി. അനുഭാവിയായ നടിയുടെ പ്രസംഗം. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നടിക്കെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെന്നൈ എഗ്മോറില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തിലാണ് നടിയുടെ വിവാദ പരാമര്‍ശമുണ്ടായത്.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചു എന്നാണ് നടിക്കെതിരെയുള്ള കേസ്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസെടുത്തതിന് പിന്നാലെ കസ്തൂരി മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രൂക്ഷവിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്.

Related Articles

Back to top button