BREAKINGNATIONAL
Trending

അമിത് ഷാക്കെതിരെ ആരോപണവുമായി കാനഡ, ‘സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം’

ഒട്ടാവ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കാനഡയുടെ ഗുരുതര ആരോപണം. കാനഡയിലെ സിഖ് വംശജരയെും വിഘടനവാദികളെയും ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തുന്നതിനു പിന്നില്‍ അമിത് ഷായാണെന്നാണ ആരോപണവുമായി കാനഡ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ രംഗത്തെത്തി. കാനഡയിലെ സിഖ് വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യാന്വേഷണം നടത്തുന്നതും വിവരങ്ങള്‍ ശേഖരിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ക്ക് പിന്നില്‍ ആഭ്യന്തര മന്ത്രിയുടെ ഉത്തരവാണെന്നാണ് ഡേവിഡ് മോറിസണ്‍ പറയുന്നത്.
അമേരിക്കയിലെ പ്രശസ്ത മാധ്യമമായ വാഷിംഗ്ടണ്‍ പോസിറ്റിനോടാണ് ഡേവിഡ് മോറിസണ്‍ ഇക്കാര്യം പറഞ്ഞത്. കാനഡയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഡേവിഡ് മോറിസണ്‍ വിവരിച്ചു. കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് വാഷിംഗ്ടണ്‍ പോസ്റ്റായിരുന്നു. ഈ റിപ്പോര്‍ട്ട് തന്നെ ഉദ്ധരിച്ചാണെന്നാണ് ഡേവിഡ് മോറിസണ്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ അമിത് ഷായുടെ ഏത് ഉത്തരവാണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഡേവിഡ് മോറിസണ്‍ വ്യക്തത വരുത്തിയിട്ടില്ല. ഷായാണ് ഇടപെട്ടതെങ്കില്‍ അത് എങ്ങനെയാണ് കാനഡ അറിഞ്ഞതെന്ന കാര്യത്തിലും മോറിസണ്‍ വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം കാനഡയുടെ ഇതുവരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞിട്ടുള്ള ഇന്ത്യ, പുതിയ ആരോപണത്തിലും വൈകാതെ മറുപടി നല്‍കുമെന്നാണ് വ്യക്താകുന്നത്.
2023 ജൂണില്‍ കനേഡിയന്‍ പൗരനായ സിഖ് വംശജന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനും കാനഡയിലെ ഹൈക്കമീഷണര്‍ക്കടക്കം പങ്കുണ്ടെന്ന ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ പലവട്ടം രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ഇരു രാജ്യങ്ങളും ഹൈക്കമീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ആരോപണം ഉന്നയിക്കുമ്പോളും തെളിവുകള്‍ നിരത്താന്‍ കാനഡക്കും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കും സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

Related Articles

Back to top button