BREAKINGKERALA
Trending

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍; കാണാതായ 2 പേര്‍ക്കായുള്ള തെരച്ചില്‍ തുടരും

കോഴിക്കോട്: ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.
കാണാതായ മറ്റ് രണ്ട് പേര്‍ക്കായുളള തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തെരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത് തെരച്ചിലിന്റെ 72ാംദിനത്തിലാണ്. മൂന്നാം ഘട്ട തെരച്ചിലില്‍ ആണ് ഈ നിര്‍ണായക കണ്ടെത്തലുണ്ടായത്. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button