BREAKINGNATIONAL
Trending

അഴിമതിക്കേസ്: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് അറസ്റ്റില്‍. അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആര്‍.ജി. കറിലെ അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. വിഭാഗം നേരത്തെ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. അഴിമതിക്കേസില്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ. സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയും ചെയ്തു. നേരത്തെ, വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല അന്വേഷിക്കുന്ന സി.ബി.ഐ. സംഘം സന്ദീപ് ഘോഷിന്റെ നുണപരിശോധന നടത്തി. തുടര്‍ച്ചയായ 10 ദിവസത്തെ ചോദ്യംചെയ്യലില്‍ പല കാര്യങ്ങളും ഘോഷ് മറച്ചുപിടിക്കുന്നെന്ന് ബോധ്യമായതിനാലായിരുന്നു നുണപരിശോധന.
ആരോപണവിധേയനായ ഡോക്ടറെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പി.ജി.ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന്, ഓഗസ്റ്റ് 12-നുതന്നെ ഡോ. സന്ദീപ് ഘോഷ് തല്‍സ്ഥാനത്തുനിന്ന് രാജിവെച്ചു. സമരംചെയ്യുന്ന ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു പ്രിന്‍സിപ്പലിന്റെ രാജി.

Related Articles

Back to top button