BREAKINGINTERNATIONAL

ആഞ്ഞുവീശാന്‍ ഹെലന്‍, അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറും, ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ് ഹരികെയ്ന്‍ കേന്ദ്രം

വാഷിങ്ടണ്‍: ഹെലന്‍ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അമേരിക്കയില്‍ അതീവ ജാഗ്രത. നിലവില്‍ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 വിഭാഗത്തിലേക്ക് ശക്തി പ്രാപിക്കും. ഫ്‌ളോറിഡയിലാണ് തീരം തൊടുക. ഹെലന്‍ അപകടകാരിയാവാന്‍ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. ഫ്‌ലോറിഡയിലും തെക്ക് – കിഴക്കന്‍ യുഎസിലുമാണ് നാഷണല്‍ ഹരികെയിന്‍ സെന്റര്‍ (എന്‍എച്ച്‌സി) ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ഫ്‌ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കൊടുങ്കാറ്റ് കരയില്‍ തൊടുന്നതിന് മുന്നോടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 140 കിലോമീറ്ററായെന്ന് എന്‍എച്ച്‌സി അറിയിച്ചു. ഫ്‌ലോറിഡയില്‍ എത്തുമ്പോഴേക്കും കാറ്റഗറി 4 ലേക്ക് എത്തുന്ന അപകടകാരിയായ കൊടുങ്കാറ്റായി ഹെലന്‍ മാറാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാത്തിരിക്കാന്‍ ഇനി സമയമില്ലെന്ന് ഫ്‌ലോറിഡയിലെ മേയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മേയര്‍ ജോണ്‍ ഡെയ്ലി അഭ്യര്‍ത്ഥിച്ചു. അറ്റ്‌ലാന്റയിലെ എല്ലാ വിദ്യാലയങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അടച്ചിടും.
യുഎസില്‍ എത്തുന്നതിനുമുമ്പ് കൊടുങ്കാറ്റ് ക്യൂബയുടെയും കേമാന്‍ ദ്വീപുകളുടെയും ചില ഭാഗങ്ങളില്‍ 10-20 സെ.മീ മഴ പെയ്യിക്കും. മെക്‌സിക്കോയില്‍ കനത്ത മഴയും കാറ്റും കാരണം ചില റിസോര്‍ട്ടുകള്‍ തകര്‍ന്നു. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെലനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണമായ വലിപ്പമാണ്. ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്ന് 275 മൈല്‍ വരെ നീളുന്നു. അതിനാല്‍ തന്നെ ആഘാതവും കൂടുതലായിരിക്കും എന്നാണ് അറിയിപ്പ്.

Related Articles

Back to top button