എ.ഐ. ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ വികസിച്ചുവരുന്നതിനൊപ്പം അത് മനുഷ്യന്റെ ദൈനംദിനജീവിതത്തെ കൂടി ബാധിക്കുന്ന കാഴ്ചകളാണ് ഓരോദിവസവും നമ്മള്‍ കാണുന്നത്. അക്കൂട്ടത്തിലേക്ക് പുതിയൊരു വാര്‍ത്ത കൂടി എത്തുകയാണ്. പുരുഷന്മാരുടെ കാര്യം അല്‍പ്പം പരുങ്ങലിലാക്കുന്ന വാര്‍ത്തയാണ് ഇത്.
ഭാവിയില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ പരിഗണിക്കുക റോബോട്ടുകളെയാണ് എന്നാണ് ഭാവികാലത്തെ കുറിച്ച് പഠനം നടത്തുന്ന ഡോ. ഇയാന്‍ പിയേഴ്സണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് സംഭവിക്കാന്‍ അധികം കാത്തിരിക്കുകയും വേണ്ട. 2025 ആകുമ്പോഴേക്ക് ഈ മാറ്റം പ്രകടമാകുമെന്നും അദ്ദേഹം പറയുന്നു.
ലൈംഗികബന്ധം ഉള്‍പ്പെടെ എല്ലാത്തിനും സ്ത്രീകള്‍ പുരുഷന്മാരെ ഉപേക്ഷിച്ച് റോബോട്ടുകളെ സ്വീകരിക്കും. 2050-ഓടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം ഇല്ലാതാകാന്‍ വരെ സാധ്യതയുണ്ടെന്നും ഡോ. ഇയാന്‍ പ്രവചിക്കുന്നു. റോബോഫീലിയ എന്നാണ് റോബോട്ടുകളോട് തോന്നുന്ന ആകര്‍ഷണത്തിന് പറയുന്ന പേര്.
അതേസമയം പലരും ഇയാന്റെ പ്രവചനത്തെ തമാശയായാണ് സ്വീകരിച്ചത്. മനുഷ്യരിലുണ്ടാകുന്ന സ്വാഭാവിക വികാരങ്ങള്‍ ഒരിക്കലും റോബോട്ടില്‍ നിന്ന് ലഭിക്കില്ലെന്നും അതിനാല്‍ തന്നെ ഇയാന്‍ പറയുന്നതുപോലെ സംഭവിക്കില്ലെന്നുമാണ് അവര്‍ പറയുന്നത്.
എന്നാല്‍ ഇയാന്‍ പറയുന്നത് അങ്ങനെ ചിരിച്ചുതള്ളാന്‍ കഴിയുന്ന കാര്യമല്ല എന്ന് പറയുന്നവര്‍ മറുവശത്തുമുണ്ട്. വിവാഹമോചനം നേടിയ ആള്‍ തന്റെ സെക്സ് ഡോളുമായി പ്രണയത്തിലാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയ സംഭവമാണ് ഇതിനെ സാധൂകരിക്കാന്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഡേവിഡ് മില്‍സ് എന്ന 57-കാരനാണ് ടാഫി എന്ന ഡോളുമായി താന്‍ രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞത്. എന്തായാലും ഡോ. ഇയാന്റെ പ്രവചനം ശരിയാണോ എന്നറിയാനായി ഏതാനും മാസങ്ങള്‍ കൂടി നമുക്ക് കാത്തിരിക്കാം.
78 1 minute read