BREAKINGKERALA

ആദ്യം നിപ, പിന്നാലെ എംപോക്‌സ്; മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കര്‍ശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടന്‍ പുറത്തുവിടും. സമ്പര്‍ക്കമുള്ളവരില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ഉടന്‍ തന്നെ പരിശോധിക്കും. ഇതിനിടെ രോഗബാധിതനായ 38 കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
മലപ്പുറത്തെ നിപ രോഗബാധയില്‍ 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ പരിചരിക്കാന്‍ കൂടെയുണ്ടായിരുന്ന അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ നെഗറ്റീവായത്. ഇതോടെ ഇതുവരെ പരിശോധിച്ച 26 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇന്നലെ പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതോടെ സമ്പര്‍ക്ക പട്ടികയിലെ എണ്ണം 266 ആയി ഉയര്‍ന്നു. വീടുകള്‍ കയറിയുള്ള സര്‍വേയില്‍ ആകെ 175 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് കണ്ടെയ്മെന്റ് സോണിലും നിയന്ത്രണം തുടരുകയാണ്.

Related Articles

Back to top button