BREAKINGKERALA

ആന്റണി രാജു ഉള്‍പ്പെട്ട കേസ്; താന്‍ പരിഗണിക്കാതിരിക്കാന്‍ ശ്രമമെന്ന് ജ. രവികുമാര്‍, നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: മുന്‍മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുമ്പാകെ നാടകീയ രംഗങ്ങള്‍. ഹര്‍ജി താന്‍ പരിഗണിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നതായി ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് സി.ടി. രവി കുമാര്‍ ആരോപിച്ചു. ഹര്‍ജി അടുത്ത വര്‍ഷം ജനുവരി 5 വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിനാണ് ജസ്റ്റിസ് രവികുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്.
ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആന്റണി രാജു നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേസ് നീട്ടി വയ്ക്കണമെന്ന് അഭിഭാഷകന്‍ ദീപക് പ്രകാശ് കോടതിയില്‍ ആവശ്യപെട്ടു. ഇതേത്തുടര്‍ന്നാണ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കേസ് നീട്ടി വെയ്ക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും, സഞ്ജയ് കരോളുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ താനടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ച കേസാണിതെന്ന് ജസ്റ്റിസ് രവികുമാര്‍ ചൂണ്ടിക്കാട്ടി. ഈ കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ എല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി വയ്ക്കാന്‍ ശ്രമിക്കുകയാണ്. ജനുവരി അഞ്ച് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന്റെ പ്രത്യേകത തനിക്കറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്.എന്‍.സി. ലാവലിന്‍ കേസില്‍ നിന്ന് പിന്മാറിയ കാര്യവും ജസ്റ്റിസ് രവികുമാര്‍ കോടതിയില്‍ പരോക്ഷമായി പരാമര്‍ശിച്ചു. കേസിന്റെ പേര് പറയാതെയാണ് ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ കാര്യം അദ്ദേഹം പരാമര്‍ശിച്ചത്. ആ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ താന്‍ പരിഗണിച്ചിരുന്നു. അതിനാല്‍ സുപ്രീം കോടതിയില്‍ ആ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സ്വയം പിന്മാറി. ആരും പിന്മാറാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി.
തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ജസ്റ്റിസ് സി.ടി. രവികുമാര്‍ ഹൈക്കോടതിയിലിരുന്നപ്പോള്‍ പരിഗണിച്ചിരുന്നുവെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ലാവലിന്‍ കേസിലെ പിന്മാറ്റം സംബന്ധിച്ച കാര്യം ജസ്റ്റിസ് രവികുമാര്‍ കോടതിയില്‍ വിശദീകരിച്ചത്. പന്ത്രണ്ടര വര്‍ഷം കേരള ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നു. പല ഹര്‍ജികളും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ജഡ്ജിയായിരുന്ന കാലയളവില്‍ പരിഗണിച്ച കാര്യം ഓര്‍മ്മയില്ലെന്ന് ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷമായി ഉന്നയിക്കാത്ത ഈ വിഷയം ഇപ്പോള്‍ ഉന്നയിച്ചത് എന്തിനാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അഭിഭാഷകനോട് ആരാഞ്ഞു. തുടര്‍ന്ന് താന്‍ ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ അറിയിച്ചു. എന്നാല്‍ ആന്റണി രാജുവിന്റെ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് ഉള്‍പ്പടെയുള്ളവര്‍ ഇതിനെ എതിര്‍ത്തു.
ആന്റണി രാജുവിനെതിരെ ശക്തമായ സത്യവാങ്മൂലമാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിവി. ദിനേശ് കേസിന്റെ മെറിറ്റ് ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കില്‍ മെറിറ്റ് പരിഗണിക്കാന്‍ ഹര്‍ജി വീണ്ടും ഹൈക്കോടതിയിലേക്കയക്കാവുന്നതാണെന്നും അദ്ദേഹം കോടതിയില്‍ അഭിപ്രയപെട്ടു. അക്കാര്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ അറിയിച്ചു.
1990 ഏപ്രില്‍ നാലിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ആന്റണി രാജു ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Related Articles

Back to top button