BREAKINGKERALA

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, പരാതി നല്‍കി വയോധികന്‍; ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

മലപ്പുറം: വയോധികനെ ബസ് സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പെരിന്തല്‍മണ്ണ പൂപ്പലം മനഴി ടാറ്റാ നഗര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. യാത്രക്കാരന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കുകയായിരുന്നു. മലപ്പുറം ആര്‍ടിഒ ഡി റഫീക്കിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ എം. രമേശാണ് ലൈസന്‍സ് റദ്ദാക്കിയത്.
ഒക്ടോബര്‍ ഒമ്പതിന് വൈകിട്ട് 4.40ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെട്ടത്തൂര്‍ വഴി അലനല്ലൂരില്‍ പോകുന്ന ബസിലാണ് വയോധികന്‍ കയറിയത്. വളാഞ്ചേരിയില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. എല്ലാ സ്റ്റോപ്പിലും നിര്‍ത്തിയ ബസ് ആവശ്യപ്പെട്ടെങ്കിലും ടാറ്റാ നഗര്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ അടുത്ത സ്റ്റോപ്പിലാണ് നിര്‍ത്തിയത്.
ഇക്കാര്യം വിശദീകരിച്ചാണ് യാത്രക്കാരന്‍ പെരിന്തല്‍മണ്ണ സബ് ആര്‍ടിഒക്ക് പരാതി നല്‍കിയത്. അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ മയില്‍രാജിന്റെ അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് കണ്ടെത്തിയതോടെയാണ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസിലും പങ്കെടുത്ത ശേഷമേ ലൈസന്‍സ് പുനസ്ഥാപിക്കൂവെന്ന് സബ് ആര്‍ടിഒ അറിയിച്ചു. ഇതേ ബസിലെ കണ്ടക്ടര്‍ക്ക് ലൈസന്‍സില്ലായിരുന്നു. അതിനെതിരെയും നടപടി സ്വീകരിക്കും.

Related Articles

Back to top button