ന്യൂഡല്‍ഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികള്‍ സുപ്രീം കോടതി റദ്ദാക്കി. ഇഷാ ഫൗണ്ടേഷനില്‍ തന്റെ പെണ്‍മക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് അവരുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ നടപടികളാണ് സുപ്രീംകോടതി റദ്ദാക്കിയത്.
സ്ത്രീകള്‍ പ്രായപൂര്‍ത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തില്‍ താമസിക്കുന്നവരാണെന്ന് കോടതി വ്യക്തമാക്കി. സദ്ഗുരു ഇവരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഹര്‍ജിയില്‍ പിതാവിന്റെ ആരോപണം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.
പെണ്‍കുട്ടികളുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഫൗണ്ടേഷനില്‍ പൊലീസ് റെയ്?ഡും നടത്തി. എന്നാല്‍, ഇത്തരം നടപടികള്‍ ആളുകളേയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്ന്, വാദത്തിനിടെ, ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹര്‍ജിയില്‍ പറഞ്ഞ 42 -ഉം 39- ഉം പ്രായമുള്ള സ്ത്രീകള്‍ പിതാവിന്റെ ആരോപണം നിഷേധിച്ചു. ഇവര്‍ ആശ്രമത്തിലെ അന്തേവാസികളാണെന്നും ഇഷ ഫൗണ്ടേഷന്‍ അറിയിച്ചു. ഇരുവരേയും ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സ്ത്രീകളില്‍ ഒരാള്‍ വീഡിയോ കോള്‍ വഴി സുപ്രീംകോടതിയിലും ഹാജരായിരുന്നു. താനും സഹോദരിയും ആശ്രമത്തിലെ താമസക്കാരാണെന്നും എട്ട് വര്‍ഷമായി പിതാവ് തങ്ങളെ പീഡിപ്പിക്കുകയാണെന്നുമാണ് സുപ്രീംകോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.
ഇതോടെ സ്ത്രീകള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരേ നടത്താന്‍ നിര്‍ദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി. ഹര്‍ജിക്കാരനായ പിതാവിന് ഇവരെ പൊലീസിനൊപ്പമല്ലാതെ ആശ്രമത്തിലെത്തി കാണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഈ ഉത്തരവ് ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
78 1 minute read