BREAKINGKERALA
Trending

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് എംവി ഗോവിന്ദന്‍; ‘പാലക്കാട് എല്‍ഡിഎഫ് ചരിത്ര വിജയം നേടും’

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികള്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം പാര്‍ട്ടിയുടെ മുന്‍ നിലപാടാണ്.ലീഗ് വര്‍ഗീയ ശക്തികളുടെ തടങ്കലിലാണ്. പാണക്കാട് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്. തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.
മുഖ്യമന്ത്രി നടത്തിയത് കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ്. എന്നാല്‍, അതില്‍ വര്‍ഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടര്‍മാരും തിരിച്ചറിയണം. സന്ദീപ് വാര്യര്‍ വര്‍ഗീയ പ്രചരണം നടത്തിയ ആളാണ്. ആര്‍എസ്എസ് ബന്ധം വിട്ടു എന്ന് സന്ദീപ് പറഞ്ഞിട്ടില്ല. ബിജെപി ബന്ധം വിട്ടെന്ന് മാത്രമാണ് പറഞ്ഞത്. ചില മാധ്യമങ്ങള്‍ പൈഡ് ന്യൂസ് നടത്തുകയാണ്. കോണ്‍ഗ്രസിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇടത് വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.
2500 വ്യാജ വോട്ടുകള്‍ പാലക്കാട് ചേര്‍ത്തു. ഇതിന് നേതൃത്വം കൊടുത്തത് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയ നേതാവാണ്. ഇതിന് ചില ബിഎല്‍ഒമാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ആ വോട്ടുകള്‍ മുഴുവന്‍ നീക്കണം. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഞങ്ങള്‍ വിമതര്‍ക്ക് കൂടെ നില്‍ക്കുകയാണ് ചെയ്തത്. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ്ിന്റെ ക്വട്ടേഷന്‍ സംഘം വന്നു. അവരാണ് പ്രശ്‌നം ഉണ്ടാക്കിയത്.

സുധാകരന്റെ ഭീഷണി പ്രസംഗത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് അവിടെ കണ്ടത്. ബിജെപി വിരുദ്ധതയില്‍ മുന്നില്‍ പിണറായി വിജയനാണ്. അതിനാലാണ് പിണറായിയെ ആക്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകും. ഇടതുപക്ഷം മൂന്നാം സര്‍ക്കാറിനായുള്ള തയ്യാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം അതിന് കരുത്തേകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button