BREAKINGKERALA

എം.ആര്‍. അജിത് കുമാറിനെതിരേ അന്വേഷണം: ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റും

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ക്രമസമാധാനചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാറിനെ മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റുന്നത്. ആ സ്ഥാനത്തേക്ക് ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതിനൊപ്പം സ്പെഷ്യല്‍ ബ്രാഞ്ച് എഡിജിപി മനോജ് എബ്രഹാമിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണമുണ്ടാകുമെങ്കിലും സസ്പെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. ക്രമസമാധാനത്തിന് പുറമെ ബി ബറ്റാലിയന്റെ ചുമതലകൂടി അജിത് കുമാറിനുണ്ട്. ക്രമസമാധാന ചുമതല ഒഴിവാക്കി ബറ്റാലിയന്‍ ചുമതല മാത്രമാക്കി നിലനിര്‍ത്തി സസ്പെന്‍ഷന്‍ ഒഴിവാക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതല്ലെങ്കില്‍ പോലീസില്‍നിന്ന് മാറ്റി മറ്റേതെങ്കിലും യൂണിഫോം സര്‍വീസിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. ഇങ്ങനെയാണെങ്കില്‍ ജയില്‍ വകുപ്പിലേക്കാവും മാറ്റമുണ്ടാകുക.
അജിത്കുമാറിനെതിരെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത് പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍, എഡിജിപി എം.ആര്‍.അജിത്കുമാറിനെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ഫയര്‍ ഫോഴ്സ് മേധാവി കെ. പത്മകുമാര്‍ ഇവരിലാരെങ്കിലുമാകും അജിത് കുമാറിനെതിരെ അന്വേഷണം നടത്തുകയെന്നാണ് വിവരം. അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപി എസ്. ദര്‍വേഷ് സാഹിബുമായി കോട്ടയത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

Related Articles

Back to top button