ബെംഗളൂരു: ലൈംഗികപീഡനക്കേസില്‍ മുന്‍ ഹാസന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെപേരില്‍ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. ജെ.ഡി.എസിന്റെ മുന്‍ വനിതാ ജനപ്രതിനിധിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 1691 പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസേന (എസ്.ഐ.ടി.) ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.
2020 മുതല്‍ 2023 ഡിസംബര്‍വരെ പലതവണ പ്രജ്ജ്വല്‍ യുവതിയെ പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ ആരോപിച്ചു. പീഡനദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഹാസനിലെ പ്രജ്ജ്വലിന്റെ എം.പി. ഓഫീസല്‍വെച്ചായിരുന്നു ആദ്യപീഡനം. ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്കക്ഷേമ വിഭാഗത്തിന്റെ ഹോസ്റ്റലില്‍ പ്രവേശനം തേടിയെത്തിയപ്പോഴായിരുന്നു ഇതെന്നും കുറ്റപത്രത്തിലുണ്ട്.
പീഡനദൃശ്യം പുറത്താക്കുമെന്നുപറഞ്ഞ് വീണ്ടും പീഡനത്തിനിരയാക്കി. വീഡിയോ കോള്‍ വഴിയും ലൈംഗികാതിക്രമം നടത്തി. 120 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് കേസുകളാണ് പ്രജ്ജ്വലിന്റെപേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേയ് 31-ന് അറസ്റ്റിലായ പ്രജ്ജ്വല്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
101 Less than a minute