തൃശ്ശൂര്‍: എം.ബി.ബി.എസ്. സീറ്റ് വാഗ്്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി ജേക്കബ് തോമസാണ് അറസ്റ്റിലായത്. മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. സുവിശേഷപ്രവര്‍ത്തകനായ ഇയാളുടെ പേരില്‍ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.
തമിഴ്നാട് വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ സീറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2022-ല്‍ ആയിരുന്നു സംഭവം. കേരളത്തിനകത്തും പുറത്തുമുള്ളവര്‍ പറ്റിക്കപ്പെട്ടിട്ടുണ്ട്. എണ്‍പതുലക്ഷം രൂപ വരെ സീറ്റിനായി നല്‍കിയവരുണ്ട്. തൃശ്ശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസ്. ഇതുകൂടാതെ നാഗ്പുരിലും കേസുണ്ട്.
കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് തട്ടിപ്പ് നടത്തിയത്. സി.എം.സി. മെഡിക്കല്‍ കോളേജുമായും ആംഗ്ലിക്കന്‍ ബിഷപ്പുമായും അടുത്ത ബന്ധമുള്ളയാളാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഡംബരകാറുകളില്‍ യാത്രചെയ്തിരുന്ന ഇയാള്‍ ബിഹാര്‍, ഹരിയാന, തമിഴ്നാട് എന്നിങ്ങനെ പല സ്ഥലങ്ങളിലായാണ് താമസിച്ചിരുന്നത്. പോലീസ് ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു.
ഈ കേസില്‍ നേരത്തേ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ മകന് റെയ്നാര്‍ഡ് ഉള്‍പ്പെടെയാണിത്. പോള്‍ ഗ്ലാഡ്സന്, വിജയകുമാര്‍, അനു സാമുവല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കേസില്‍ വെസ്റ്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ജേക്കബ് തോമസിനെതിരേ കോടതിയുടെ അറസ്റ്റ് വാറണ്ടും ഉണ്ടായിരുന്നു. ജേക്കബ് തോമസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ വെസ്റ്റ് എസ്.എച്ച്.ഒ. ലാല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സുജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി വര്‍ഗീസ്, മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍ റൂബിന് ആന്റണി എന്നിവരാണ് ഉണ്ടായിരുന്നത്.
94 1 minute read