BREAKINGKERALA

എഡിഎമ്മിന്റെ മരണം ആത്മഹത്യയല്ലെന്ന് കെകെ രമ എംഎല്‍എ; ‘കേരളത്തിന് പുറത്ത് നിന്നുള്ള ഏജന്‍സി അന്വേഷിക്കണം’

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കെകെ രമ എംഎല്‍എ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമര്‍ശത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെകെ രമ വിമര്‍ശിച്ചു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ നവീന്‍ ബാബുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷമായിരുന്നു പ്രതികരണം.
ടി.പി.ചന്ദ്രശേഖരന്‍ കേസിലടക്കം പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നതെന്ന് രമ ചൂണ്ടിക്കാട്ടി. എഡിഎമ്മിനെ വാഹനത്തില്‍ കൊണ്ടുപോയി ഇറക്കി വിട്ടു എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എഡിഎം സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്. ഈ സുഹൃത്തിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചോ? ഇത് ആത്മഹത്യയാണ് എന്ന് നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
ദിവ്യയുടെ സംസാരം ഒരു പെട്രോള്‍ പമ്പിന് എന്‍ഒസി കിട്ടാത്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും രമ പറഞ്ഞു. മറ്റെന്തോ ലക്ഷ്യം ദിവ്യയുടെ സംസാരത്തിലുണ്ട്. മറ്റെന്തോ കാര്യം നവീന്‍ ബാബുവിന്റെ ഇടപെടലില്‍ അവര്‍ക്ക് സാധിക്കാതെ പോയിട്ടുണ്ട്. കേരളത്തിലെ പോലീസ് അന്വേഷിച്ചാല്‍ കേസ് തെളിയില്ല. ആര്‍എംപി ഇക്കാര്യം ബന്ധുക്കളോട് സംസാരിച്ചു. എന്നാല്‍ അവര്‍ പൊലീസിനെ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നത്. പുറത്ത് നിന്നുള്ള ഏജന്‍സി കേസില്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button