BREAKINGKERALA
Trending

‘എന്റെ പരാതിയില്‍ അന്വേഷണം തൃപ്തികരമല്ല; മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി, പാര്‍ട്ടിയും തിരുത്തിയില്ല’: അന്‍വര്‍

മലപ്പുറം: തന്റെ പരാതികളില്‍ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. പാര്‍ട്ടി പ്രസ്താവന വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
‘എനിക്കിനി മൂന്നല്ല മക്കള്‍, നാലാണ്; അര്‍ജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകും’
”എസ്പി ഓഫിസിലെ മരംമുറി കേസില്‍ അന്വേഷണം തൃപ്തികരമല്ല. സ്വര്‍ണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകള്‍ പരിശോധിച്ചില്ല. പി.വി.അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാന്‍ മഹത്വവല്‍കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എട്ടു വര്‍ഷമായല്ല താന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയതു മുതല്‍ താന്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നുണ്ട്.
പാര്‍ട്ടി ലൈനില്‍ നിന്നും താന്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കന്മാര്‍ക്ക് സാധാരണക്കാരുടെ വിഷയത്തില്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പൊലീസ് സ്റ്റേഷനില്‍ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാര്‍ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വം ഒന്നും നടക്കുന്നില്ല.”- അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അന്‍വറിന്റെ പരാമര്‍ശം.
”ഇന്ന് ഈ പത്രസമ്മേളനം നടത്താന്‍ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാര്‍ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. ഈ പറയുന്നതില്‍ വല്ല വാസ്തവവും ഉണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കേണ്ടേ. എന്റെ പിന്നാലെ പൊലീസുണ്ട്. ഇന്നലെ രാത്രി രണ്ടു മണിയ്ക്കാണ് കിടന്നത്.
ശബ്ദുമുണ്ടാക്കാതെ വീടിനു പിന്നില്‍ കൂടി വന്നുനോക്കിയപ്പോള്‍ രണ്ടു പൊലീസുകാര്‍ വീടിനു മുന്നിലുണ്ട്. ഞാന്‍ സംസാരിക്കുന്നത് മുഴുവന്‍ പൊലീസ് കേള്‍ക്കുന്നുണ്ടായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുന്‍പ് ജനങ്ങളോട് കാര്യം പറയണം. മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ എഴുതി കൊടുത്ത കഥയും തിരക്കഥയും വാസ്തവമല്ല. ആരാ നിങങളുടെ പിന്നിലെന്ന് ചോദിക്കുന്നു. പടച്ചവനാണ് എന്നെ സഹായിച്ചത്. പടച്ചവന്‍ എന്റെ കൂടെയുണ്ട്.”- അന്‍വര്‍ പറഞ്ഞു.
സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് അന്‍വര്‍ മാധ്യമങ്ങളെ കാണുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല.

Related Articles

Back to top button