BREAKINGKERALA

എറണാകുളത്തപ്പന്‍ ഗ്രൗണ്ട് : ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ആണെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കര്‍ ഭൂമി കൊച്ചി കോര്‍പറേഷനില്‍ നിന്ന് വിലയ്ക്ക് വാങ്ങിയത് ആണെന്ന് എറണാകുളം ക്ഷേത്ര ക്ഷേമ സമിതിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി ചൂണ്ടിക്കാട്ടി. ഭൂമി കൈമാറുന്നതിന് പകരമായി കൊച്ചി കോര്‍പറേഷന് നാല് കോടി നാല്‍പ്പത്തി മൂന്ന് ലക്ഷം നല്‍കിയത് എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയാണെന്ന് വില്‍പ്പന കരാറില്‍ രേഖപെടുത്തിയിട്ടുണ്ടെന്നും വി. ഗിരി വാദിച്ചു.
എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എറണാകുളം ക്ഷേത്ര ക്ഷേമ സമിതിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ വി. ഗിരി, കെ. പരമേശ്വരന്‍ , അഭിഭാഷകന്‍ അമിത് കൃഷ്ണന്‍ എന്നിവരാണ് ഹാജരായത്. കൊച്ചിന്‍ ദേവസ്വം ബോര്ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രന്‍, അഭിഭാഷകന്‍ പി.എസ് സുധീര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ഹാജരായി.

Related Articles

Back to top button