ന്യൂയോര്‍ക്ക്: സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി നല്‍കി വിദ്യാര്‍ഥിനി. മാന്‍ഹട്ടനിലെ സ്‌കൂളില്‍ മുമ്പ് പ്രധാന അധ്യാപകനായിരുന്ന ബ്രെറ്റ് കിമ്മല്‍ എന്നയാള്‍ക്കെതിരേയാണ് വിദ്യാര്‍ഥിനി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ബേബിയെന്നും പ്രിന്‍സസ് എന്നുമെല്ലാം വിളിച്ച് ലാളിച്ച ശേഷം എല്ലാ ദിവസവും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്. ആരോപണ വിധേയനായ ബ്രെറ്റ് കിമ്മല്‍ ഇപ്പോള്‍ മേരിലാന്‍ഡിലാണ്.
തനിക്ക് 18 വയസ്സ് പൂര്‍ത്തിയാകും മുമ്പുതന്നെ ഇയാള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു. ഇതിനുപുറമെ, ഓറല്‍ സെക്സ് ചെയ്യാന്‍ സ്ഥിരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിദ്യാര്‍ഥിനി എട്ടാം ക്ലാസില്‍ ആയിരുന്ന സമയത്താണ് ഇയാള്‍ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കിമ്മല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ആദ്യവര്‍ഷം മുതല്‍ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടുള്ളതും അശ്ലീലങ്ങള്‍ നിറഞ്ഞതുമായി മെസേജുകള്‍ പതിവായിരുന്നു. തനിക്ക് മോശം മെസേജുകള്‍ അയയ്ക്കുന്നത് പതിവായതോടെ വിദ്യാര്‍ഥിനിയുടെ സഹോദരി അയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍, വീണ്ടും അയാള്‍ ഇത് തുടരുകയായിരുന്നു. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയെ അറിയിച്ചു.
തനിക്കുണ്ടായ ദുരനുഭവത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധ കൂടി കാരണമായിട്ടുണ്ടെന്നാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളും അത് സംബന്ധിച്ച പരാതികളും കൈകാര്യം ചെയ്യുന്നതിന് അധ്യാപകര്‍ക്കും മറ്റുള്ള ജീവനക്കാര്‍ക്കും വേണ്ടത്ര പരീശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ലെന്നാണ് വകുപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പരാതി നല്‍കാന്‍ തീരുമാനിച്ചത്, അയാള്‍ ഇത്തരത്തിലുള്ള ക്രൂരമായ പ്രവര്‍ത്തി ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനാണെന്ന് ഇരയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ വിദ്യാഭ്യാസ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് കിമ്മല്‍. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേസ് തള്ളി കളയണമെന്നുമാണ് കിമ്മലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചത്.
68 1 minute read