ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുക എന്നത് പലരുടെയും സ്വപ്നമാണ്. അതിനായി പലതരത്തിലുള്ള പരിശ്രമങ്ങള്‍ നടത്തി വിജയം കാണുന്നവരുണ്ട്. അത്തരത്തില്‍ വേറിട്ട ഒരു മാര്‍ഗ്ഗത്തിലൂടെ കൗതുകം സൃഷ്ടിക്കുകയും ഒപ്പം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്വന്തം പേര് എഴുതി ചേര്‍ക്കുകയും ചെയ്തിരിക്കുകയാണ് ഒരു യുവാവ്.
കാനഡയില്‍ നിന്നുള്ള മിച്ചല്‍ റൂഡി എന്ന വ്യക്തിയാണ് 38 നായ്ക്കളുമായി ഒരേസമയം നടന്ന് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. മുന്‍പ് 36 നായ്ക്കളുമായി നടന്ന് മറ്റൊരു വ്യക്തി നേടിയ ലോക റെക്കോര്‍ഡാണ് മിച്ചല്‍ റൂഡി ഇപ്പോള്‍ മറികടന്നത്. സെപ്റ്റംബര്‍ 5 -ന് ദക്ഷിണ കൊറിയയില്‍ വെച്ചാണ് മിച്ചല്‍ റൂഡി തന്റെ ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
കനേഡിയന്‍ ചാരിറ്റി BONK, കൊറിയന്‍ K9 റെസ്ക്യൂ (KK9R) എന്നിവ ചേര്‍ന്നാണ് റൂഡിയുടെ ഈ ഉദ്യമം സ്പോണ്സര് ചെയ്തത്. ലോക റെക്കോര്‍ഡ് സ്വന്തമാക്കുക എന്നതിനോടൊപ്പം തന്നെ തെരുവ് നായ്ക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. തെരുവുകളില്‍ നിന്നും രക്ഷപ്പെടുത്തിയ 38 നായ്ക്കളെയാണ് റൂഡി തന്നോടൊപ്പം നടക്കാന്‍ തിരഞ്ഞെടുത്തത്. ഈ നായ്ക്കളെ താല്പര്യമുള്ളവര്ക്ക് ഇനി ദത്തെടുക്കാം.
കൊറിയന്‍ K9 റെസ്ക്യൂവിന്റെ സംരക്ഷണയിലാണ് നായ്ക്കള്‍ ഇപ്പോള്‍. ദക്ഷിണ കൊറിയയിലെ ഇറച്ചി വ്യവസായത്തില്‍ നിന്നും നായ്ക്കളെ രക്ഷിക്കുന്നതിനാണ് കൊറിയന്‍ K9 റെസ്ക്യൂ അഭയകേന്ദ്രം പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. കനേഡിയന്‍ ചാരിറ്റിയുടെ BONK എന്ന പ്രോജക്റ്റിന് പ്രധാനമായി സംഭാവന നല്കുന്ന മിച്ചല്‍ റൂഡി ഇത്തരത്തില്‍ ഒരു നേട്ടം തനിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. തന്നോടൊപ്പം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് നടന്നു കയറിയ മുഴുവന്‍ നായ്ക്കളും സുരക്ഷിതമായ അഭയകേന്ദ്രങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കൊറിയയിലെ മൃഗസംരക്ഷണത്തിലെ സമീപകാല പദ്ധതികളുടെ ഭാഗമാണ് ഈ പരിപാടി. ഈ വര്‍ഷം പട്ടിയിറച്ചി കഴിക്കുന്നത് നിരോധിക്കുന്ന ബില്ലിന് രാജ്യം അംഗീകാരം നല്‍കിയിരുന്നു.
79 1 minute read