ന്യൂയോര്‍ക്ക്: 10 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1400 ലധികം പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കിയതായി അമേരിക്ക. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന പല വസ്തുക്കളും പല രാജ്യങ്ങളില്‍ നിന്നായി കടത്തിക്കൊണ്ടു വന്നതാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് കടത്തപ്പെട്ട നര്‍ത്തകിയുടെ ശില്‍പ്പം ഉള്‍പ്പെടെ തിരികെ നല്‍കിയവയില്‍ ഉള്‍പ്പെടുന്നു. ഇന്തോ-അമേരിക്കന്‍ ആര്‍ട്ട് ഡീലറായ സുഭാഷ് കപൂറും അമേരിക്കന്‍ ഡീലറായ നാന്‍സി കപൂറും ഉള്‍പ്പെട്ട കള്ളക്കടത്ത് സംഘം അമേരിക്കയിലെത്തിച്ച പുരാവസ്തുക്കളാണ് വിവിധ രാജ്യങ്ങളിലേക്കായി തിരികെ നല്‍കിയത്.
2011ല്‍ ജര്‍മ്മനിയില്‍ അറസ്റ്റിലായ സുഭാഷ് കപൂറിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. വിചാരണ നടത്തിയ ശേഷം 2022ല്‍ ഇയാള്‍ക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലേക്ക് കൈമാറുന്നത് വരെ ഇയാളുടെ കസ്റ്റഡി ഇന്ത്യയില്‍ തുടരും. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങിലാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കിയത്.
നേരത്തെ നിയമവിരുദ്ധമായ വ്യാപാരങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും കരാറില്‍ ഒപ്പ് വച്ചിരുന്നു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രക്രിയ ഇതുവഴി സുഗമമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ 297 പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നല്‍കിയിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇവയില്‍ പലതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടവയാണിവയെന്ന് കണ്ടെത്തിട്ടുണ്ട്. 2016 മുതല്‍ ഇന്ത്യയിലേക്ക് 578 പുരാവസ്തുക്കള്‍ അമേരിക്കയില്‍ നിന്ന് മാത്രം തിരികെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
73 1 minute read