തൃശൂര്‍: കഥകളിയെ അധിക്ഷേപിച്ചുള്ള ഫോട്ടോഷൂട്ടില്‍ ശക്തമായ നടപടിയെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി അനന്ത കൃഷ്ണന്. വിഷയത്തില്‍ കലാമണ്ഡലം നിയമപദേശം തേടി. സൈബര്‍ സെല്ലിന് പരാതി കൊടുക്കാന്‍ തീരുമാനിച്ചു അതിന്റെ നടപടികള്‍ നടക്കുകയാണെന്ന് ഡോ. ബി അനന്ത കൃഷ്ണന് പറഞ്ഞു.
സൈബര്‍ സെല്ലിന് ആദ്യഘട്ടത്തില്‍ പരാതി നല്‍കും. പിന്നീട് വിഷയത്തില്‍ നിയമപദേശം തേടിക്കൊണ്ട് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡോ. ബി അനന്ത കൃഷ്ണന് പറഞ്ഞു. കഥകളിക്കെതിരായി കടന്നുകയറ്റം നടത്തുന്നതില്‍ വലിയ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ പല കലാകാരന്മാരെയും വേദനിപ്പിച്ചെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ എടുത്ത് സ്വായത്തമാക്കുന്ന കലാരൂപത്തെ വികലമാക്കുന്ന നടപടിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് അനന്ത കൃഷ്ണന് വ്യക്തമാക്കി. ആരാണ് എവിടെനിന്നാണ് ചിത്രങ്ങള്‍ വന്നത് എന്നത് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ ആര്‍ട്ടിസ്റ്റ് താല്പര്യമാണോ വാണിജ്യ താല്പര്യമാണോ എന്നത് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വികലമായ മനസ്സിന്റെ സൃഷ്ടിയാണ് ഇപ്പോഴത്തേത്. ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരു കലാരൂപത്തെ അധിക്ഷേപിച്ചുകൊണ്ട് ആകരുത്. അടിസ്ഥാനമൂല്യങ്ങള്‍ ഹനിക്കുന്ന രീതിയിലാകരുത് ആവിഷ്കാരങ്ങള്‍ എന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി അനന്ത കൃഷ്ണന് പറഞ്ഞു. കഥകളി പ്രമേയമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടാണ് വിവാദത്തിന് അടിസ്ഥാനം.
69 Less than a minute