KERALABREAKINGNEWS
Trending

കരിപ്പൂർ കള്ളക്കടത്ത് സ്വർണം പൊലീസ് മുക്കി, റിദാൻ ബാസിൽ വധത്തിൽ സുജിത് ദാസിൻ്റെ പങ്ക് അന്വേഷിക്കണം:വീണ്ടും ആരോപണവുമായി പിവി അൻവർ

നിലമ്പൂർ: എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിൻ്റെ മരണത്തിൽ പൊലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിവി അൻവർ എംഎൽഎ. നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനും അദ്ദേഹത്തിൻ്റെ ഡാൻസാഫ് സംഘത്തിനും കൊലപാതകത്തിലെ പങ്ക് എത്രത്തോളമുണ്ടെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാത്രി പത്ത് മണി കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകൾക്ക് പ്രവർത്തനാനുമതി നൽകാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്. പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനാണ് പൊലീസ് ഈ ഉത്തരവിറക്കിയത്. കരിപ്പൂർ കള്ളക്കടത്തിൻ്റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു.കരിപ്പൂർ എയർപോർട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ 3 വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിച്ചത്. എന്നാൽ പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സിആർപിസി പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സ്വർണ്ണ കള്ളകടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റർ ചെയ്യണ്ടത്. കരിപ്പൂരിൽ പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.റിദാൻ ബാസിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതുമായി ഒരുപാട് ദുരൂഹമായ ചർച്ചകൾ നാട്ടുകാരിലും പൊലീസുകാരിലും ഉണ്ടായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള എസ്‌പിയാണ് മലപ്പുറത്തെന്നും എഡിജിപി അജിത്ത് കുമാറാണ് അദ്ദേഹത്തെ അവിടെ വാഴാൻ അനുവദിക്കുന്നതെന്നും മനസിലാക്കിയാണ് താൻ അന്വേഷണം നടത്തിയത്. ബാസിലിൻ്റെ കുടുംബവുമായി മൂന്നാല് തവണ സംസാരിച്ചിരുന്നു.ഇക്കഴിഞ്ഞ പെരുന്നാളിൻ്റെ തലേ ദിവസമാണ് റിദാൻ ബാസിൽ കൊല്ലപ്പെട്ടത്. അന്ന് രാത്രി സുഹൃത്ത് ഷാനിനൊപ്പം പുറത്ത് പോയ റിദാൻ പിന്നീട് തിരികെ വന്നില്ല. കേസൽ ഷാനുമായി റിദാൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പൊലീസ് ശ്രമിച്ചു. റിദാൻ്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചു. അവിഹിത ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. കുടുംബം പൊലീസിനെ വിശ്വസിച്ചില്ല. അതുകൊണ്ടാണ് റിദാൻ്റെ ഭാര്യയെ വിട്ടയച്ചത്. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷമാണ് തോക്കടക്കം തെളിവുകൾ കണ്ടെത്തിയത്. ഷാനിനെ പൊലീസ് മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു. കരിപ്പൂരിലെ കള്ളക്കടത്തുമായി റിദാൻ ബാസിലിന് ചില ബന്ധമുണ്ടായിരുന്നു. അയാളുടെ കൈയ്യിലുള്ള ഫോൺ കൈക്കലാക്കാൻ എത്തിയ സംഘം സംഘർഷത്തിനിടെ റിദാനെ കൊലപ്പെടുത്തിയതെന്നാണ് താൻ സംശയിക്കുന്നത്. ഇതിന് പിന്നിൽ പൊലീസിന് പങ്കുണ്ട്. കരിപ്പൂരിൽ പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്നും പിവി അൻവർ ആരോപിച്ചു.കളവ് ശീലമാക്കിയ ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്, മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ പി.ശശിയുടെ പേര് പറഞ്ഞിട്ടില്ല, പി ശശിയെക്കുറിച്ചുള്ള പരാതി പാർട്ടി സെക്രട്ടറിക്ക് എഴുതി കൊടുത്തിട്ടില്ല, ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അൻവർ പറഞ്ഞു.

Related Articles

Back to top button