BREAKINGKERALA

കലോത്സവ ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റി; അന്വേഷണത്തിന് നിര്‍ദേശംനല്‍കി മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്.
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിനിടെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയപ്പോള്‍, പതാക കയറില്‍ കുടുങ്ങിയിരുന്നു. ഇത് അഴിച്ചിറക്കാനാണ് സംഘാടകര്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്.
വിഷയത്തേക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിക്ക് സാധ്യതയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ അപകടകരമായ ജോലിചെയ്യാന്‍ നിയോഗിച്ചതിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.
സ്ഥലം എം.എല്‍.എ. ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ നോക്കിനില്‍ക്കേയാണ് യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്. എന്‍.എസ്.എസ്. വോളന്റിയര്‍ എന്ന നിലയില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സ്വമേധയായാണ് കൊടിമരത്തില്‍ കയറിയതെന്നും വിദ്യാര്‍ഥി, സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വിശദീകരണം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button