ആലപ്പുഴ: കളര്‍കോട് കാര്‍ കെ.എസ്.ആര്.ടി.സി ബസ്സില്‍ ഇടിച്ച് കയറി ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറിന്റെ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹനവകുപ്പ് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന് നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിക്കും.
കാര്‍ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ടപ്പോള്‍ ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലാണ് കാര്‍ കൊടുത്തതെന്നായിരുന്നു വാഹനഉടമ ആദ്യം പറഞ്ഞത്. എന്നാല്‍ ഇയാളുടെ വിശദീകരണം അവിശ്വസനീയമെന്ന് പറഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് തളളിക്കളഞ്ഞിരുന്നു. ആര്.സി ബുക്ക് റദ്ദാക്കുകയും വകുപ്പിന്റെ പ്രാഥമിക നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ അമ്പലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ഷാമില്‍ ഖാന്റെ കാര്‍ വാടകയ്ക്കെടുത്ത് സിനിമ കാണാന്‍ പോകുമ്പോളായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് , എടത്വ പള്ളിച്ചിറ സ്വദേശി ആല്വിന് ജോര്‍ജ് എന്നിവരാണ് മരിച്ചത്.
74 Less than a minute