BREAKINGKERALA

കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവിന്റെ മരണം; മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്, അറസ്റ്റ് ഇന്നുണ്ടാകും

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തില്‍ കരാറുകാരന്‍ ഉള്‍പ്പെടെ പ്രതിയാകുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് ഇന്നുണ്ടാകും. റോഡില്‍ കയര്‍ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിന്റെ ഭാഗമായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സിയാദ് മരിക്കുന്നത്. തിരുവല്ല മുത്തൂരില്‍ വെച്ചായിരുന്നു അപകടം.
സംഭവത്തില്‍ ആറു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്കില്‍ നിന്നു വീണ് സിയാദ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സിയാദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. ബൈക്ക് മറിഞ്ഞയുടന്‍ യുവാവിന് ?ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.
സിയാദിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും. സിയാദിന്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചിരുന്നു.

Related Articles

Back to top button