BREAKINGKERALA
Trending

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; തുടക്കം എവിടെ നിന്നാണെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍, ‘യഥാര്‍ഥ പ്രതികളെ കണ്ടെത്താനായില്ല’

കൊച്ചി: വടകരയിലെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എവിടെ നിന്നാണ് സ്‌ക്രീന്‍ ഷോട്ടിന്റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകള്‍ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ചേര്‍ത്ത ലീഗ് നേതാവും ഹൈക്കോടതിയിലെ ഹര്‍ജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
പൊലീസ് ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ചശേഷം ഹര്‍ജി ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മുഹമ്മദ് ഖാസിമിന്റെ പേരിലുളള വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത് ഇടതു സൈബര്‍ വാട്‌സ് ആപ്, ഫേസ് ബുക് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കുറ്റാരോപിതനായ റിബേഷിനെ പിന്തുണക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ കൈക്കൊണ്ടത്. റിബേഷിന്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു പറഞ്ഞു. വടകരയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പോരാട്ടം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷൈജു.
സ്‌ക്രീന്‍ ഷോട്ട് റിബേഷ് ഫോര്‍വേഡ് ചെയ്തത് വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയില്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് റിബേഷ് ചെയ്തത്. സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് പറക്കല്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്. റിബേഷിന് ഡിവൈഎഫ്‌ഐ പൂര്‍ണ പിന്തുണ നല്‍കും. ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെ. റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ഡിവൈഎഫ്‌ഐ തയ്യാറാണ്. റിബേഷാണ് പ്രതിയെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാം ഡിവൈഎഫ്‌ഐ നല്‍കും. ശക്തമായ അന്വേഷണം നടന്നാല്‍ ഇതിനെല്ലാം പിന്നില്‍ വ്യാജ പ്രസിഡന്റുമാര്‍ ആണെന്ന് തെളിയുമെന്നും രാഹുല്‍ മാങ്കൂട്ടത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Related Articles

Back to top button