വളര്‍ത്തുമൃഗങ്ങള്‍ക്ക് ‘പാസ്പോര്‍ട്ട്’ എടുത്ത് തങ്ങളുടെ പൊന്നോമനകളുമായി യാത്രകള്‍ നടത്തുന്നത് ഇന്ന് പുതുമയല്ലാത്ത കാര്യമാണ്. പെറ്റ് പാസ്പോര്‍ട്ട് സേവനം ഇന്ത്യയിലും പ്രചാരത്തിലുണ്ട്. എന്നാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ കരടിക്ക് പാസ്പോര്‍ട്ട് ലഭിച്ചാലോ?
ബ്രിട്ടീഷ് സര്‍ക്കാരാണ് പാഡിങ്ടണ് എന്നറിയപ്പെടുന്ന പാഡിങ്ടണ് കരടിക്ക് ഔദ്യോഗികമായി പാസ്പോര്‍ട്ട് നല്‍കിയത്. ബ്രിട്ടനിലെ ബാലസാഹിത്യകൃതകളിലെ സാങ്കല്‍പ്പിക കഥാപാത്രമാണ് പാഡിങ്ടണ്. എന്തിനാണ് പാസ്പോര്‍ട്ട് നല്‍കിയത് എന്നറിഞ്ഞതോടെ കയ്യടി നല്‍കുകയാണ് പാഡിങ്ടണ്ണിന്റെ ആരാധകര്‍.
പാഡ്ഡിങ്ടണ്‍ മുഖ്യകഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പാഡ്ഡിങ്ടണ്‍ ഇന്‍ പെറു’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുവേണ്ടിയാണ് പാസ്പോര്‍ട്ട് അനുവദിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പാഡ്ഡിങ്ടണ്ണിന് പാസ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്.
സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിക്കാനായി പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് തന്റെ ടീം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതെന്ന് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ റോബ് സില്‍വ പറഞ്ഞു. എന്നാല്‍ തങ്ങളെ ഞെട്ടിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായ പാസ്പോര്‍ട്ട് തന്നെ നല്‍കുകയായിരുന്നു. ഇത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക പാസ്പോര്ട്ടില് പെറുവാണ് പാഡ്ഡിങ്ടണ്ണിന്റെ ജന്മദേശമായി രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 25 ആണ് ജന്മദിനം. 2025 ജനുവരി 17-നാണ് ‘പാഡ്ഡിങ്ടണ്‍ ഇന്‍ പെറു’ തിയേറ്ററുകളിലെത്തുക.
93 Less than a minute