BREAKINGINTERNATIONAL

കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവും കൂടിയ നഗരം ഷാങ്ഹായ്; രൂക്ഷ വിമര്‍ശനവുമായി കാലാവസ്ഥാ ഉച്ചകോടി

ബാകു: കാലാവസ്ഥാ വ്യതിയാനത്തെ സാരമായി ബാധിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ മുന്നിലുള്ളത് അമേരിക്കയും ഏഷ്യയിലെ നഗരങ്ങളുമെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവുമധികം ആളുകളുള്ള ഷാങ്ഹായ് നഗരമാണ് കാര്‍ബണ്‍ വാതക ബഹിര്‍ഗമനത്തില്‍ മുന്നിലുള്ളതെന്നാണ് അസര്‍ബൈജാനില്‍ നടക്കുന്ന കാലവസ്ഥാ ഉച്ചകോടിയില്‍ പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ കണക്കിലാണ് കാര്‍ബണ്‍ വാതക ബഹിര്‍ഗമനത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ചൈനീസ് നഗരങ്ങളാണ്. ആറാം സ്ഥാനത്ത് അമേരിക്കയിലെ ടെക്‌സാസാണ് ഉള്ളത്.
വെള്ളിയാഴ്ചയാണ് കാലാവസ്ഥ ഉച്ചകോടിയില്‍ കണക്ക് പുറത്ത് വിട്ടത്. സാറ്റലൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ഭൂമിയിലെ നീരീക്ഷണങ്ങളും ആര്‍ട്ടീഫീഷ്യല്‍ ഇന്റലിജന്‍സിന്റേയും സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ആഗോളതലത്തില്‍ 9000 നഗര കേന്ദ്രങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവ ആദ്യമായി വളരെ ഉയര്‍ന്ന നിലയിലാണെന്നും ഉച്ചകോടിയിലെ കണക്കിനെ അടിസ്ഥാനമാക്കി അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈസ്, മീഥേന്‍ മലിനീകരണം 0.7 ശതമാനം ഉയര്‍ന്ന് 61.2 ബില്യണ്‍ മെട്രിക് ടണ്‍ ആയെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. മറ്റ് കണക്കുകളേക്കാള്‍ സമഗ്രമായതാണ് റിപ്പോര്‍ട്ടെന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ക്ലൈമറ്റ് ട്രേസസ് സ്ഥാപകര്‍ വിശദമാക്കുന്നത്.
ചില നഗരങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ വാതക ബഹിര്‍ഗമനം ചില രാജ്യങ്ങളുടെ ആകെ കണക്കിനേക്കാള്‍ അധികമാണ്. കൊളംബിയ,നോര്‍വേ പോലുള്ള രാജ്യങ്ങളുടെ ആകെ കാര്‍ബണ്‍ വാതക ബഹിര്‍ഗമനത്തേക്കാള്‍ അധികമാണ് ഷാങ്ഹായ് നഗരത്തില്‍ നിന്നുള്ള ഹരിത വാതകങ്ങളുടെ ബഹിര്‍ഗമനമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 256 മില്യണ്‍ മെട്രിക് ടണ്‍ ഹരിത വാതകങ്ങളേയാണ് ഷാങ്ഹായ് നഗരം പുറന്തള്ളുന്നത്. ടോക്കിയോ 250 മില്യണ്‍ മെട്രിക് ടണ്‍, ന്യൂയോര്‍ക്ക് നഗരം 160 മില്യണ്‍ മെട്രിക് ടണ്‍, ഹൂസ്റ്റണ്‍ 150 മില്യണ്‍ മെട്രിക് ടണ്‍, ദക്ഷിണ കൊറിയ 142 മില്യണ്‍ മെട്രിക് ടണ്‍ ഹരിതഗൃഹ വാതകങ്ങളെ പുറം തള്ളുന്നു.
ചൈന, ഇന്ത്യ, ഇറാന്‍, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ 2022 ലേക്കാള്‍ വലിയ രീതിയിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. വെനസ്വേല, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞുവെന്നും കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ച കണക്കുകള്‍ വിശദമാക്കുന്നു. ഫോസില്‍ ഇന്ധന ഉല്‍പാദകരായ രാജ്യങ്ങള്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ആതിഥ്യം വഹിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button