കുടിയേറ്റ നയം മാറ്റം മൂലം നാടുകടത്തല്‍ ഭീഷണി നേരിടുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പ്രതിഷേധത്തില്‍. 70000 പേരാണ് നാടുകടത്തല്‍ ഭീഷണി നേിടുന്നത്. സര്‍ക്കാര്‍ നയം മാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധത്തിലാണ്. സ്ഥിര താമസ അപേക്ഷകരില്‍ 25 ശതമാനത്തോളം കുറവ് വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും. പിന്നാലെ ഒന്‍ടാറിയോ, മനിതോബ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും താമസം മാറാമെന്ന ലക്ഷ്യത്തോടെ കാനഡയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ വലിയ വിഭാഗം ഇന്ത്യാക്കാരാണ്. രാജ്യത്തെ ഗിഗ് സമ്പദ്വ്യവസ്ഥയ്ക്ക് മാനവ വിഭവം ആവശ്യമായതിനാല്‍ കുടിയേറ്റം വന്‍ തോതില്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു കനേഡിയന്‍ സര്‍ക്കാരിന്റേത്. 28 ലക്ഷം ഇന്ത്യാക്കാര്‍ നിലവില്‍ കാനഡയിലുണ്ടെന്നാണ് കണക്ക്.
2000 കാലത്ത് 6.7 ലക്ഷം ഇന്ത്യാക്കാരാണ് കാനഡയില്‍ ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും ഇത് കുതിച്ചുയര്‍ന്നു. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണപ്പെരുപ്പം കാനഡയില്‍ ഹൗസിങ്, ഹെല്‍ത്ത്കെയര്‍ അടക്കം പല രംഗത്തും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തദ്ദേശീയര്‍ ഇതിനെതിരെ പ്രതിഷേധവും തുടങ്ങി. പിന്നാലെയാണ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പൊടുന്നനെ കുടിയേറ്റ നയം മാറ്റിയത്. രണ്ട് ദിവസം മുന്‍പ് കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന താത്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടു.
തൊഴില്‍ ദാതാക്കള്‍ക്ക് കുറഞ്ഞ ശമ്പള വിഭാഗത്തില്‍ 10 ശതമാനം വിദേശ തൊഴിലാളികളെ മാത്രമേ ഇനി ഉള്‍പ്പെടുത്താനാവൂ. 2023 ല്‍ മാത്രം ഈ പദ്ധതി വഴി 26495 ഇന്ത്യാക്കാര്‍ക്ക് കാനഡയില്‍ ജോലി ലഭിച്ചിരുന്നു. മെക്സിക്കോയ്ക്ക് ശേഷം ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരാണ് കാനഡയില്‍ ജോലി ചെയ്യുന്നത്. അതിനിടെ കാനഡയിലെ ജനസംഖ്യ 2024 ന്റെ ആദ്യ പാദത്തില്‍ 4.1 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
85 1 minute read