BREAKINGKERALA

കേരള സര്‍വകലാശാലയിലെ ജോലി തട്ടിപ്പ് കേസ് : പ്രതിക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: കേരള സര്‍വ്വകലാശാലയില്‍ കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസിലെ പ്രതിക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ ശ്രീകാര്യം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലെ രണ്ടാം പ്രതിയായ എ കൃഷ്ണകുമാറിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍.കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്താല്‍ ഇരുപത്തി അയ്യായിരം രൂപയുടെ ആള്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സുപ്രീം കോടതി പ്രതിയോട് നിര്‍ദേശിച്ചു.
കൃഷ്ണകുമാര്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യ പോലും ഈ തട്ടിപ്പിന്റെ ഇരയാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ് പി ചാലി വാദിച്ചു. കേസിലെ ആദ്യ പരാതിക്കാരി കൃഷ്ണകുമാറിന്റെ ഭാര്യ ആണെന്നും സീനിയര്‍ അഭിഭാഷകന്‍ എസ് പി ചാലി, അഭിഭാഷകന്‍ കാര്‍ത്തിക് എസ് ഡി എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും മുഖ്യപ്രതി സുനില്‍ കുമാര്‍ അറസ്റ്റില്‍ ആയ ശേഷം സ്ഥിര ജാമ്യത്തിലാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ സുപ്രീം കോടതിയെ അറിയിച്ചു. പരാതിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നചികേത ജോഷി, അഭിഭാഷകന്‍ ലക്ഷ്മീഷ് എസ് കാമത്ത് എന്നിവര്‍ ഹാജരായി.

Related Articles

Back to top button