BREAKINGKERALA

കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം: എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെ വന്‍ സംഘര്‍ഷം. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രജിസ്ട്രാറുടെ സഹായത്തോടെ കെ.എസ്.യു തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകള്‍ കാണാതായി. അതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കി. തുടര്‍നടപടികള്‍ പിന്നീടെന്ന് സര്‍വകലാശാല അറിയിച്ചു.
യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു. എന്നാല്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ കെ.എസ്.യു വിജയിച്ചു. റിസര്‍വേഷന്‍ സീറ്റുകളിലാണ് കെ.എസ്.യുവിന്റെ ജയം. ഇത് രജിസട്രാറുടെ സഹായത്തോടെയാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇതിനെത്തുടര്‍ന്ന് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബാലറ്റ് പേപ്പറുകള്‍ കാണാതായതില്‍ ഇരുവിഭാഗങ്ങളും പരസ്പരം പഴിചാരുകയാണ്. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും കൂട്ടയടിയിലേക്ക് നീങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളിന് പുറത്തിറങ്ങി പ്രതിഷേധിച്ചു.അതോടൊപ്പം വിജയിച്ച സീറ്റുകളിലുള്ള ആഹ്ളാദപ്രകടനവും നടത്തി. എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഹാളിന് പുറത്തിറങ്ങിയില്ല. പിന്നാലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളില്‍ പ്രതിഷേധവുമായെത്തി. ഇത് വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വടികളും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
പിന്നാലെ പോലീസെത്തി കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങി. അതേസമയം സര്‍വകലാശാല ഗേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി.

Related Articles

Back to top button