BREAKINGKERALA

കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് കാരണം ഭര്‍ത്താവിന്റെ സംശയരോഗമാണെന്നാണ് എഫ്‌ഐആറിലുള്ളത്. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജന്‍ എതിര്‍ത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
അതേസമയം കേസില്‍ പിടിയിലായ അനിലയുടെ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് പെട്രോള്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.
കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയില്‍ തുടരുകയാണ്. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറില്‍ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജന്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ മൊഴി. ബേക്കറി നടത്തിപ്പില്‍ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകള്‍ ഉള്‍പ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Related Articles

Back to top button