BREAKINGNATIONAL
Trending

കൊല്‍ക്കത്ത ബലാത്സംഗക്കൊല: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ അര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി. ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തിലെ അന്വേഷണപുരോഗതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.
ബംഗാളിലും ബിഹാറിലും ഹൈദരാബാദിലും ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ സുപ്രീംകോടതി എണ്ണിപ്പറഞ്ഞു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ താത്പര്യമാണെന്നും ഇതിന് ആവശ്യമായ നടപടികളെടുക്കാന്‍ മറ്റൊരു ബലാത്സംഗംവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന സുരക്ഷാപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി ദേശീയ ദൗത്യസംഘത്തെ നിയോഗിച്ചു. ഒമ്പത് അംഗങ്ങളേയും നിയോഗിച്ച സുപ്രീംകോടതി കാബിനറ്റ്, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാരേയും ദേശീയ മെഡിക്കല്‍ കമ്മിഷന്‍, നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ് അധ്യക്ഷന്മാരേയും എക്സ് ഒഫിഷ്യോ അംഗങ്ങളായി നിയമിച്ചു.
ബംഗാള്‍ സര്‍ക്കാരിന്റെ അധികാരം സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മേല്‍ അഴിച്ചുവിടരുതെന്ന് കോടതി പറഞ്ഞു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റംഗങ്ങള്‍. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Related Articles

Back to top button