BREAKINGKERALA

ഗുണ്ടകള്‍ ആക്രമിച്ചുവെങ്കില്‍ എന്തുകൊണ്ട് സുരേഷ് ഗോപി പരാതി നല്‍കിയില്ല, അന്വേഷിക്കണം- സുനില്‍കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് വിഎസ് സുനില്‍ കുമാര്‍. വിഷയത്തില്‍ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂരനഗരിയില്‍ നിയമം ലംഘിച്ചുള്ള സുരേഷ് ഗോപിയുടെ യാത്ര പൂരം അട്ടിമറിക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? ആക്രമിച്ച വിവരം ജനങ്ങളോട് പറയാതെ മറച്ചുവെച്ചത് അത് നുണയായതിനാലാണ്. സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം നടത്തണമെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
നിയമം ലംഘിച്ചു കൊണ്ടാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരനഗരിയിലേക്ക് വന്നത്. വാഹനം ഏതൊക്കെ വഴിയില്‍ കൂടി പോകണം എന്നതിനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ മറികടന്നുകൊണ്ടാണ് സഞ്ചരിക്കാന്‍ പാടില്ലാത്ത വഴികളില്‍ കൂടി രോഗിയല്ലാത്ത ആളെ രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി സേവാഭാരതിയുടെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുവന്നത്. ഇത് പൂരം അട്ടിമറിക്കാന്‍ വേണ്ടി നടന്ന കാര്യമാണ്.
ആദ്യം അംബുലന്‍സില്‍ സഞ്ചരിച്ചിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അതു തിരുത്തി. പിന്നെ അദ്ദേഹം ഉന്നയിച്ചത് ഗുണ്ടകള്‍ ആക്രമിച്ചു എന്നാണ്. ആംബുലന്‍സിലേക്ക് വരുന്നതിന് മുമ്പ് മറ്റു പാര്‍ട്ടിയില്‍പെട്ട ഗുണ്ടകള്‍ തന്റെ വാഹനത്തെ ആക്രമിച്ചുവെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ തന്നെ സംരക്ഷിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷിക്കണം. സിസിടിവികളടക്കം പരിശോധിക്കണം. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സത്യം വെളിച്ചത്ത് വരുമെന്ന ഘട്ടത്തില്‍ പലതരം നുണകളും കള്ളത്തരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Related Articles

Back to top button