BREAKINGNATIONAL
Trending

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍

ദില്ലി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളും എത്തി. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതില്‍ അഭിമാനമെന്ന് ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേര പറഞ്ഞു.
ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ബിഗ് ഡേ ആണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സമരത്തില്‍ അടക്കം ഒപ്പം നിന്ന മാധ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും തെരുവില്‍ നിന്ന് നിയമസഭ വരെ പോരാടാന്‍ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഒളിംപിക്‌സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ എക്‌സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയില്‍വെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഒളിംപിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു.
അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷിന് മെഡല്‍ ജേതാവിന് നല്‍കുന്ന സ്വീകരണമാണ് ലഭിച്ചത്. ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തുനിഞ്ഞതും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഒളിംപിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹം അടുപ്പമുള്ളവരോടെ വിനേഷ് പങ്കു വച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചര്‍ച്ചയായിരുന്നു. അതേസമയം ഹരിയാനയില്‍ സീറ്റ് വിഭജനത്തില്‍ ആംദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് തുടരുകയാണ്.
ആംആ്ദമി പാര്‍ട്ടിക്ക് കൈകൊടുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആംആ്ദമി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയിരുന്നു. തൊണ്ണൂറില്‍ 10 സീറ്റ് വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഏഴ് വരെയാകാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Related Articles

Back to top button