തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ കരട് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ യോഗം അനുമതി നല്‍കിയിട്ടുണ്ട്. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ ബിജു എസ് ഹരികിഷോര്‍, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ് ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.
2024 ഡിസംബര്‍ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്‌ടേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-695033 ഫോണ്‍:0471-2335030. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
നിര്‍ദ്ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി എസ് ടിയും തുക ഈടാക്കി നല്‍കും.
ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ മുഖേനയാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമെങ്കില്‍ പരാതിക്കാരില്‍ നിന്നും നേരിട്ട് വിവരശേഖരണം നടത്തും. ജില്ലാകളക്ടര്‍ വ്യക്തമായ ശുപാര്‍ശകളോടു കൂടി ഡീലിമിറ്റേഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ പരാതിക്കാരെ നേരില്‍ കേട്ട് കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കും. അതിന് ശേഷം ആദ്യഘട്ട വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
ഇതാദ്യമായാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നതിന് എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തികള്‍ വരച്ചിട്ടുള്ളത്. ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ ക്യൂഫീല്‍ഡ് ആപ്പാണ് ഉപയോഗിച്ചത്. പൂര്‍ണമായും ഓപ്പണ്‍ സോഴ്‌സ് സാങ്കേതികത അടിസ്ഥാനമാക്കിയാണ് ഈ ആപ്പിന്റെ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡ് വിഭജനവും കൃത്യതയോടെ മൊബൈല്‍ ആപ്‌ളിക്കേഷന്റെ സഹായത്തോടെ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.
പൂര്‍ത്തീകരിച്ച മാപ്പുകള്‍ പൊതുജനങ്ങള്‍ക്ക് കാണുവാനും പ്രിന്റ് എടുക്കുന്നതിനും പൂര്‍ണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എല്‍ ഫോര്‍മാറ്റിലാണ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത്. 2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കി വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചിരുന്നു. പഞ്ചായത്തുകളുടെ നിയോജകമണ്ഡലങ്ങളുടെ എണ്ണം നിശ്ചയിച്ച് തദ്ദേശസ്വയംഭരണവകുപ്പ് റൂറല്‍ ഡയറക്ടറും, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവടങ്ങളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് സര്‍ക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ക്കും,പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കുമുള്ള സംവരണവാര്‍ഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ഈ മാനദണ്ഡപ്രകാരം ഗ്രാമപഞ്ചായത്തുകളില്‍ 1375 വാര്‍ഡുകളും, മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും, കോര്‍പ്പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും പുതുതായി നിലവില്‍ വരും. 2024 സെപ്തംബര്‍ 24 ന് വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നത്.
60 1 minute read