കോട്ടയം: സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് ആയി തോമസ് തറയില്‍ സ്ഥാനമേറ്റു. ചങ്ങാനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ ആയിരക്കണക്കിന് സഭ വിശ്വാസികളാണ് പങ്കെടുത്തത്. സ്ഥാനം ഒഴിയുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിലിനുള്ള നന്ദിപ്രകാശനവും നടന്നു.
ആത്മീയവും ബൗധികവും സാംസ്‌കാരികവുമായ ഇടപെടലുകള്‍ നടത്തുന്ന ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയന്‍. മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലെ ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സ്ഥാനാരോഹണ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് പുതിയ മെത്രാപ്പോലീത്തയെ ആശിര്‍വദിച്ചു, അംശവടിഅടക്കമുള്ള സ്ഥാന ചിഹ്നങ്ങള്‍ കൈമാറി. തുടര്‍ന്ന് മെത്രാപ്പോലീത്തയെ ഓദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു.
സ്ഥാനം ഏറ്റെടുത്ത മെത്രാപ്പോലീത്തയെ സഭയിലെയും ഇതര സഭകളിലെയും മെത്രാന്‍മാര്‍ അനുമോദിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയും ശുശ്രൂഷ ചടങ്ങുകളില്‍ പങ്കെടുത്തു. മാര്‍ ജോസഫ് പെരുന്തോട്ടത്തിലിന്റെ പിന്‍ഗാമിയായയാണ് തോമസ് തറയില്‍ സ്ഥാനമേറ്റത്. അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പും ഒന്‍പതാമത്തെ ബിഷപ്പും ആണ്. 17 വര്‍ഷം നീണ്ട സേവനത്തിന് ശേഷമാണു ജോസഫ് പെരുന്തോട്ടം സ്ഥാനം ഒഴിയുന്നത്. ദീര്‍ഘകാലം അതിരൂപതയെ നയിച്ച ജോസഫ് പെരുന്തോട്ടത്തിലിന് വിശ്വാസികള്‍ യാത്ര അയപ്പ് നല്‍കി.
55 Less than a minute